30 മണിക്കൂറിൽ പെയ്തത് 200 മില്ലിമീറ്റർ; മഹാരാഷ്ട്രയിൽ അതിതീവ്ര മഴ

കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിലായി. റായ് ഗഡ്, താനെ, സത്താറ, സോലാപുർ, രത്നഗിരി മേഖലകളിൽ റെഡ് അലേർട്ട്
30 മണിക്കൂറിൽ പെയ്തത് 200 മില്ലിമീറ്റർ; മഹാരാഷ്ട്രയിൽ അതിതീവ്ര മഴ
Published on

മഹാരാഷ്ട്രയിലെ ഗ്രാമങ്ങളും മുംബൈ നഗരവും ഒരാഴ്ച്ചയായി അനുഭവിച്ചുകൊണ്ടിരിക്കുന്നത് നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴ പെയ്ത്താണ്. കഴിഞ്ഞ 30 മണിക്കൂറിനിടെ സംസ്ഥാനത്ത് 200 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. കനത്ത മഴ തുടരുന്ന മഹാരാഷ്ട്രയിൽ ഒട്ടേറെ ഗ്രാമങ്ങൾ വെള്ളത്തിലായി. റായ് ഗഡ്, താനെ, സത്താറ, സോലാപുർ, രത്നഗിരി മേഖലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സർക്കാർ.

രണ്ട് ദിവസത്തെ കനത്ത മഴയിൽ തന്നെ വെള്ളത്തിൽ മുങ്ങി വിറങ്ങലിച്ചിരിക്കുകയാണ് മഹാരാഷ്ട്രയിലെ വിവിധ മേഖലകൾ. മുംബൈ നഗരത്തിലടക്കം വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിട്ടുണ്ട്. ഒപ്പം വൻ ഗതാഗതക്കുരുക്കും. പുനെ, ബാരാമതി, ഇന്ദാപുർ അടക്കമുള്ള പശ്ചിമ മഹാരാഷ്ട്രയിലെ വിവിധ മേഖലകളെ മഴക്കെടുതി സാരമായി ബാധിച്ചു. ദാദർ, മാട്ടുംഗ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി.

ഇന്ദാപുരിൽ 70 ഓളം ഗ്രാമങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. 25 വീടുകൾ മഴയിൽ തകർന്നു. റെയിൽ ഗതാഗതത്തേയും മഴ സാരമായി ബാധിച്ചു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിമാന സർവ്വീസുകളിൽ മാറ്റമുണ്ടാകുമെന്ന് മുംബൈ എയർപോർട്ട് അതോറിറ്റി അറിയിച്ചു.

ബാരാമതിയിൽ 150 വീടുകളിൽ വെള്ളം കയറി. മഴയെ തുടർന്ന് പുനെ- സോലാപുർ ദേശീയ പാത അടച്ചു. രത്നഗിരി അടക്കമുള്ള കൊങ്കൺ മേഖലയിലും കനത്ത നാശം വിതച്ചു മഴ. റായ് ഗഡ്, താനെ, സത്താറ, സോലാപുർ മേഖലകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. മെയ് മാസത്തിൽ പെയ്യുന്ന നൂറ്റാണ്ടിലെ ഏറ്റവും വലിയ മഴയാണ് മുംബൈയിലുണ്ടായതെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ പറഞ്ഞു.

കർണാടകയിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്. ബംഗളൂരു അടക്കമുള്ള ജില്ലകളിൽ റെഡ്, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന ബെളഗാവിയിലെ ഗോഖക്കിൽ രാത്രി വീട് തകർന്ന് വീണു ഉറങ്ങിക്കിടന്നിരുന്ന 3 വയസുകാരി മരിച്ചു. ദക്ഷിണ കന്നഡയിലെ ഏർഗുണ്ടി വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ കുടുങ്ങി. ഈ മാസം 30 വരെയാണ് കർണാടകയിലെ മഴ മുന്നറിയിപ്പ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com