ഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ദുരന്തം വിതച്ച് കാലവർഷപ്പെയ്ത്ത്. കനത്ത മഴയെ തുടർന്ന് പല സംസ്ഥാനങ്ങളിലും ജനജീവിതം ദുസഹമായി. കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നഗരജീവിതം താറുമാറായി. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിലും ഹരിയാനയിലെ ഗുരുഗ്രാമിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ മഹാരാഷ്ട്രയിൽ തുടർച്ചയായി ഭൂചലനം അനുഭവപ്പെട്ടത് ജനങ്ങളിൽ ആശങ്കയുണ്ടാക്കി.
റിക്ടർ സ്കെയിലിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനമുണ്ടായത്. നന്ദേഡ്, പർഭാനി, ഹിംഗോളി മേഖലയിലാണ് ഇന്ന് പുലർച്ചെ ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലെ പ്രകമ്പനം. അളപായമില്ല. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ കനത്ത പ്രളയത്തിൽ മൂവായിരത്തോളം എൽപിജി സിലിണ്ടറുകൾ ഒലിച്ചുപോയി. ഗ്യാസ് നിറച്ചതും കാലിയായതുമായ സിലിണ്ടറുകൾ എച്ച്പിസിഎൽ പ്ലാന്റിൽ നിന്നാണ് പുഴയിലൂടെ ഒഴുകിപ്പോയത്. കനത്ത മഴയെത്തുടർന്ന് പ്ലാന്റിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണമായത്. തീരത്തടിയുന്ന സിലിണ്ടറുകൾ കൗതുകത്തിന്റെ പേരിലോ ആവശ്യങ്ങൾക്ക് വേണ്ടിയോ വീട്ടിലേക്ക് കൊണ്ടുപോകരുതെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, മഴയുടെ ശക്തി കുറഞ്ഞ് തുടങ്ങിയ മഹാരാഷ്ട്രയിലെ മുംബൈ, താനെ, പാൽഘർ തുടങ്ങിയ പ്രദേശങ്ങളിൽ നിലവിൽ ഓറഞ്ച് അലേർട്ടാണ്.
വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ രോഹിണിയിൽ നിർമാണത്തിലിരുന്ന കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് പേർ മരിച്ചു. കനത്ത മഴ തുടരുന്ന ഡൽഹിയിലെ രോഹിണി സെക്ടറിലാണ് നാലുനില കെട്ടിടം തകർന്നു വീണത്. കെട്ടിട നിർമാണത്തിനിടെ അപകടത്തിൽപ്പെട്ട നിർമാണ തൊഴിലാളികൾക്കായി തിരച്ചിൽ തുടരുകയാണ്. ഡൽഹിയിൽ നിന്ന് കേരളം ഉൾപ്പടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ട്രെയിനുകൾ വഴി തിരിച്ചുവിട്ടു. രാജധാനി എക്സ്പ്രസ് 12 മണിക്കൂറോളം വൈകിയാണ് ഓടുന്നത്. കൊച്ചുവേളി എക്സ്പ്രസും വഴിതിരിച്ചുവിട്ടു.. ഡൽഹി-ജയ്‌പൂർ ദേശീയപാതയിൽ ഗുരുഗ്രാമിന് സമീപം പ്രധാന റോഡ് ഇടിഞ്ഞു താഴ്ന്നതോടെ കിലോമീറ്ററുകളോളം നീളുന്ന ഗതാഗതക്കുരുക്കുണ്ടായി. നഗരത്തിൽ വെള്ളക്കെട്ട് രൂക്ഷമായതോടെ സ്വകാര്യമേഖലയിലെ ജീവനക്കാരോട് അടക്കം വർക്ക് ഫ്രം ഹോമിന് നിർദേശം നൽകി.
ഹിമാചൽ പ്രദേശിലും ജമ്മുകശ്മീരിലും സ്ഥിതി വ്യത്യസ്തമല്ല. ഹിമാചലിലെ കുളുവിൽ മേഘവിസ്ഫോടനം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ജമ്മു കശ്മീരിലെ കിഷ്ത്വാറിലും ദോഡ ജില്ലയിലും വൻ മണ്ണിടിച്ചിലും മിന്നൽ പ്രളയവുമുണ്ടായി. നിരവധി വാഹനങ്ങൾ ഒലിച്ചുപോയെന്നാണ് റിപ്പോർട്ടുകൾ. അപകടത്തെ തുടർന്ന് റോഡുകൾ അടച്ചു. മലയോര മേഖലയായതിനാൽ ഉരുൾപൊട്ടൽ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കനത്ത മഴ തുടങ്ങിയ ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.