രാഷ്ട്രീയക്കാരുടെ പ്രായവുമായി ബന്ധപ്പെട്ട ആർഎസ്എസ് മേധാവി ഭാഗവതിൻ്റെ പ്രസ്താവന വിവാദത്തിൽ. 75 വയസ് തികഞ്ഞാൽ പുതിയ ആളുകൾക്കായി വഴിയൊരുക്കണമെന്നായിരുന്നു മോഹൻ ഭാഗവതിൻ്റെ പ്രസ്താവന. ഇത് പ്രധാനമന്ത്രി മോദിയെ ഉദ്ദേശിച്ചുള്ള പരാമർശമാണെന്ന ഊഹാപോഹങ്ങളാണ് ഉയരുന്നത്. നാഗ്പൂരിൽ നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ആർഎസ്എസ് മേധാവിയുടെ പരാമർശം.
അടുത്ത സെപ്തംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 വയസ് തികയുകയാണ്. ഈ സാഹചര്യത്തിൽ മോഹൻ ഭാഗവതിൻ്റെ പ്രസ്താവന മോദിക്കെതിരെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. പ്രധാനമന്ത്രിയായതിനുശേഷം നരേന്ദ്ര മോദി നാഗ്പൂരിലെ ആർഎസ്‌എസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. മോദി ഉടൻ വിരമിക്കാൻ പദ്ധതിയിടുന്നുവെന്നായിരുന്നു പ്രതിപക്ഷ നേതാക്കളുടെ അന്നത്തെ ആരോപണം.
ബിജെപിയുടെ നേതൃത്വത്തിൽ മാറ്റം വരുത്തണമെന്ന് ആർഎസ്എസ് ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞുകൊണ്ട് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്താണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. "മോദി ആർഎസ്എസ് ആസ്ഥാനത്ത് പോയത് സെപ്റ്റംബറിൽ വിരമിക്കുമെന്ന കാര്യം അറിയിക്കാനായിരിക്കാം," 75-ാം വയസ്സിൽ വിരമിക്കുന്ന ഭരണകക്ഷിയിലെ ചില നേതാക്കളെ കാര്യം സൂചിപ്പിച്ചുകൊണ്ട് റാവത്ത് അവകാശപ്പെട്ടു.
പ്രധാനമന്ത്രി മോദിയുടെ പിൻഗാമിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മോദി ഇനിയും വർഷങ്ങളോളം രാജ്യത്തെ നയിക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു. 2024-ൽ അരവിന്ദ് കെജ്‌രിവാൾ സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചപ്പോൾ, ബിജെപി പ്രസിഡന്റ് ജെ. പി. നദ്ദ പ്രതിരോധവുമായി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ ഭരണഘടനയിൽ പ്രായം സംബന്ധിച്ച് ഒരു വ്യവസ്ഥയില്ലെന്ന് നദ്ദ ഉറപ്പിച്ച് പറഞ്ഞു.
അതേസമയം നരേന്ദ്ര മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും പ്രശംസിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ശശി തരൂര്‍. ലണ്ടനില്‍ നടത്തിയ പ്രസംഗത്തിലാണ് തരൂരിന്റെ പ്രശംസ. ഇന്ത്യയില്‍ ശുഭകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.
ഊര്‍ജസ്വലമായ നേതൃത്വത്തിന് കീഴിലാണ് ഇത് സംഭവിക്കുന്നത്. കോണ്‍ഗ്രസിന്റെ ഇടതുപക്ഷ നയങ്ങളില്‍ നിന്നും ഇന്ത്യ മാറിയെന്നും ശശി തരൂര്‍ പറഞ്ഞു. ഉദാരവത്കരണത്തിലേക്കും ആഗോളവത്കരണ നയങ്ങളിലേക്കുള്ള ഇന്ത്യയുടെ മാറ്റം ശുഭകരമെന്നും തരൂര്‍ പറഞ്ഞു. ശശി തരൂര്‍ കോണ്‍ഗ്രസ് വിട്ട് എന്‍ഡിഎയിലേക്ക് ചേക്കേറുന്നുവെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് വീണ്ടും മോദി സ്തുതിയുമായി തരൂര്‍ രംഗത്തെത്തിയിരിക്കുന്നത്.