

ബെംഗളൂരു: ആർഎസ്എസ് നയങ്ങളെയും ആശയങ്ങളെയുമാണ് പിന്തുണയ്ക്കുന്നതെന്നും വ്യക്തികളെയോ രാഷ്ട്രീയ പാർട്ടികളെയോ പിന്തുണയ്ക്കുന്നില്ലെന്നും ആർഎസ്എസ് അധ്യക്ഷൻ മോഹൻ മോഹൻ ഭഗവത്. അയോധ്യയിലെ രാമക്ഷേത്രത്തിനായി കോൺഗ്രസാണ് ആവശ്യമുയർത്തിയത് എങ്കിൽ അവരെയും പിന്തുണച്ചേനെയെന്നും അദ്ദേഹം വിശദീകരിച്ചു. ആർഎസ്‌എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ബെംഗളൂരുവിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഞങ്ങൾക്ക് ഒരു പാർട്ടിയോടും പ്രത്യേക അടുപ്പമില്ല. സംഘ് പാർട്ടി എന്നൊന്നില്ല. ഒരു പാർട്ടിയും നമ്മുടേതല്ല. എല്ലാ പാർട്ടികളും നമ്മുടേതാണ്. കാരണം അവ ഭാരതീയ പാർട്ടികളാണ്. ഞങ്ങൾ നയങ്ങളെ പിന്തുണയ്ക്കുന്നു, രാഷ്ട്രീയത്തെ അല്ല. ഞങ്ങൾക്ക് ഞങ്ങളുടെ കാഴ്ചപ്പാടുകളുണ്ട്. ഈ രാജ്യം ഒരു പ്രത്യേക ദിശയിലേക്ക് പോകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. രാജ്യത്തെ ആ ദിശയിലേക്ക് നയിക്കുന്നവരെ ഞങ്ങൾ പിന്തുണയ്ക്കും," മോഹൻ ഭഗവത് പറഞ്ഞു.
മുസ്ലീങ്ങൾക്ക് ആർഎസ്‌എസിൻ്റെ ഭാഗമാകാൻ അനുവാദമുണ്ടോ എന്ന ചോദ്യത്തിനും മോഹൻ ഭഗവത് മറുപടി നൽകി. "സംഘത്തിൽ ഒരു ബ്രാഹ്മണനെയും അനുവദിക്കില്ല, ഒരു ജാതിയിൽ നിന്നും ആരെയും അനുവദിക്കില്ല, ഒരു മുസ്ലീമിനെയും അനുവദിക്കില്ല, ഒരു ക്രിസ്ത്യാനിയെയും അനുവദിക്കില്ല... വ്യത്യസ്ത വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക്, മുസ്ലീങ്ങളെന്നോ ക്രിസ്ത്യാനികളെന്നോ ഉള്ള വേർതിരിവ് ഒഴിവാക്കി കൊണ്ട് സംഘത്തിലേക്ക് വരാം. നിങ്ങൾ ശാഖയിലേക്ക് വരുമ്പോൾ ഭാരത മാതാവിൻ്റെ മകനായിട്ടാണ് വരുന്നത്. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ശാഖയിലേക്ക് വരുന്നതായി ഞങ്ങൾ അവരെ കണക്കാക്കുന്നില്ല. അവർ ആരാണെന്ന് ഞങ്ങൾ ചോദിക്കുന്നില്ല," ആർഎസ്എസ് അധ്യക്ഷൻ പറഞ്ഞു.
ദേശീയ പതാകയെക്കുറിച്ചുള്ള സംഘത്തിൻ്റെ വീക്ഷണങ്ങളെ കുറിച്ചും മോഹൻ ഭഗവതിനോട് ചോദ്യമുയർന്നു. 1925ൽ ആർഎസ്എസ് കാവി പതാക സ്വീകരിച്ചുവെന്നും 1933ലാണ് രാജ്യം ദേശീയ പതാക തീരുമാനിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.
"പരമ്പരാഗത ഭഗ്‌വ (കാവി) പതാകയെ പതാക കമ്മിറ്റി ഏകകണ്ഠമായി ശുപാർശ ചെയ്തിരുന്നു. എന്നാൽ അതിൽ ഗാന്ധിജി ഇടപെട്ടു. എന്തോ കാരണത്താൽ അദ്ദേഹം മൂന്ന് നിറങ്ങൾ പറഞ്ഞു. മുകളിലാണ് കാവിയുള്ളത്. അതിൻ്റെ രൂപീകരണം മുതൽ സംഘം എല്ലായ്‌പ്പോഴും ത്രിവർണ്ണത്തെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പതാകയിലെ ത്രിവർണ്ണവുമായി സംഘത്തിന് യാതൊരു തർക്കവുമില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു ചുവന്ന പതാകയുണ്ട്. കോൺഗ്രസ് പാർട്ടിക്ക് ചർക്കയുള്ള ഒരു ത്രിവർണ്ണമുണ്ട്. റിപ്പബ്ലിക്കൻ പാർട്ടിക്ക് ഒരു നീല പതാകയുണ്ട്. അതിനാൽ ഞങ്ങൾക്ക് ഞങ്ങളുടെ ഭഗ്‌വ ഉണ്ട്. ഞങ്ങൾ ഞങ്ങളുടെ ദേശീയ പതാകയെ ബഹുമാനിക്കുന്നു," മോഹൻ ഭഗവത് കൂട്ടിച്ചേർത്തു.