"ആർഎസ്എസ് ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒ, രാഷ്ട്ര നിർമാണത്തില്‍ പങ്കാളി"; സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ മോദിയുടെ പ്രശംസ

ആർ‌എസ്‌എസ് സ്ഥാപക ദിനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 മുതൽ വിപുലമായ ആഘോഷങ്ങൾ നടത്താനാണ് സംഘടന പദ്ധതിയിടുന്നത്
നരേന്ദ്ര മോദി, മോഹന്‍ ഭഗവത്
നരേന്ദ്ര മോദി, മോഹന്‍ ഭഗവത്Source: ANI
Published on

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിന പ്രസംഗത്തില്‍ രാഷ്ട്രീയ സ്വയം സേവക് സംഘത്തെ (ആർഎസ്എസ്) പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ ഏറ്റവും വലിയ സർക്കാർ ഇതര (എന്‍ജിഒ) സംഘടനയാണ് ആർഎസ്എസ് എന്നാണ് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. പ്രധാനമന്ത്രിയുടെ ആർഎസ്‌എസ് പ്രശംസയെ വലിയ ചർച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.

"ആർ‌എസ്‌എസ് 100 വർഷങ്ങൾക്ക് മുന്‍പാണ് രൂപീകൃതമായത്. അത് എപ്പോഴും രാഷ്ട്രനിർമാണത്തിൽ പങ്കാളിയായിരുന്നു. ആർ‌എസ്‌എസ് ഇന്ത്യയെ സേവിക്കുന്നതിനായി സമർപ്പിതമാണ്. ലോകത്തിലെ ഏറ്റവും വലിയ എൻ‌ജി‌ഒയാണിത്. ആർ‌എസ്‌എസിന്റെ ചരിത്രത്തിൽ എനിക്ക് അഭിമാനമുണ്ട്," 79-ാമത് സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

നരേന്ദ്ര മോദി, മോഹന്‍ ഭഗവത്
മൂന്നര കോടി യുവാക്കള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ പദ്ധതി; വന്‍ പ്രഖ്യാപനവുമായി പ്രധാനമന്ത്രി മോദി

ആർ‌എസ്‌എസ് സ്ഥാപക ദിനത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് ഓഗസ്റ്റ് 26 മുതൽ വിപുലമായ ആഘോഷങ്ങൾ നടത്താനാണ് സംഘടന പദ്ധതിയിടുന്നത്. 'സംഘയാത്രയുടെ 100 വർഷങ്ങൾ - പുതിയ ചക്രവാളങ്ങൾ' എന്ന പേരിലാണ് 100-ാം വാർഷികത്തോടനുബന്ധിച്ചുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പ്രധാന പരിപാടി ഓഗസ്റ്റ് 26 മുതൽ ഓഗസ്റ്റ് 28 വരെ ഡൽഹിയിലെ വിജ്ഞാൻ ഭവനിൽ നടക്കും.

നരേന്ദ്ര മോദി, മോഹന്‍ ഭഗവത്
'ആര്‍എസ്എസിനെ സംരക്ഷിക്കേണ്ട ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ട്, അതുകൊണ്ടാണ് വാനോളം പുകഴ്ത്തുന്നത്': മന്ത്രി ജി.ആര്‍. അനില്‍

ആർഎസ്എസ് മേധാവി മോഹന്‍ ഭഗവതിന്റെ നേതൃത്വത്തിലാകും പരിപാടികള്‍ നടക്കുക. മാധ്യമം, നയതന്ത്രം, മതം, അക്കാദമികം എന്നിങ്ങനെയുള്ള 17 മേഖലകളിലെ സ്വാധീനശക്തിയുള്ളവരുമായുള്ള പ്രഭാഷണങ്ങൾ, സംവാദങ്ങൾ, ചർച്ചകൾ എന്നിവയാകും സംഘടിപ്പിക്കുക. നവംബറിൽ ബെംഗളൂരുവിലും അടുത്ത വർഷം ഫെബ്രുവരിയിൽ കൊൽക്കത്ത, മുംബൈ എന്നിവിടങ്ങളിലും സമാനമായ പരിപാടികള്‍ നടക്കും. പാകിസ്ഥാൻ, തുർക്കി, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളെ ഒഴിവാക്കി മറ്റ് എല്ലാ നയതന്ത്രജ്ഞരെയും പരിപാടിയിലേക്ക് ക്ഷണിക്കാനാണ് ആർഎസ്എസ് തീരുമാനം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com