തമിഴ്നാട് കവരപ്പേട്ടയിൽ ബാഗ്മതി എക്സ്പ്രസ്, നിർത്തിയിട്ട ചരക്ക് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടം അട്ടിമറിയെന്ന് സ്ഥിരീകരണം. റെയിൽവേ സുരക്ഷാ കമ്മീഷണറാണ് അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. യന്ത്ര തകരാറോ പെട്ടെന്നുള്ള തകരാറോ അല്ല അപകടത്തിന് കാരണം. മറിച്ച് ബോധപൂർവ്വം ബോൾട്ടുകളും നട്ടുകളും നീക്കം ചെയ്തതാണ് അപകടത്തനിടയാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2024 ഒക്ടോബർ 11 നാണ് മൈസൂരു -ദർഭംഗ ബാഗ്മതി എക്സ്പ്രസ് നിർത്തിയിട്ട ചരക്കു ട്രെയിനിൽ ഇടിച്ച് അപകടമുണ്ടായത്. 13 കോച്ചുകൾ പാളം തെറ്റി. നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിനു പിന്നാലെ എൻഐഎ പരിശോധനയും നടത്തി. അപകടം അട്ടിമറിയാണെന്ന നിർണായക വിവരമാണ് റെയിൽവെ സുരക്ഷാ കമ്മീഷണറുടെ അന്തിമ റിപ്പോർട്ടിൽ പറയുന്നത്. റെയിൽവേ സേഫ്റ്റി കമ്മീഷണർ എ.എം. ചൗധരിയാണ് റിപ്പോർട്ട് നൽകിയത്.
പ്രത്യേക പരിശീലനം നേടിയവരുടെ പങ്കാളിത്തത്തിന് സാധ്യതയെന്നും റിപ്പോർട്ടിലുണ്ട്. കരാർ ജീവനക്കാർ ഉൾപ്പെടെയുള്ള, റെയിൽവേയുമായി ബന്ധപ്പെട്ടവരുടെ മേൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. റെയിൽവേ രഹസ്യന്വേഷണ വിഭാഗം ജാഗ്രത വർധിപ്പിക്കണമെന്ന് നിർദേശവും നൽകി. അപകടസമയത്ത് സംയോജിതമായ ഇടപെടൽ നടത്തിയ ലോക്കോ പൈലറ്റ് ജി സുബ്രമണിയെ സുരക്ഷ കമ്മീഷണർ അഭിനന്ദിച്ചു. പെട്ടന്ന് ബ്രേക്ക് ഉപയോഗിച്ചതിനാൽ കൂട്ടിയിടിയുടെ ആഘാതം കുറച്ച് വൻ അപകടമാണ് ഒഴിവായത്.