

ഗര്‍വ: സ്ലിപ്പര്‍ ധരിച്ച് സ്‌കൂളിലെത്തിയതിന് പ്രിന്‍സിപ്പലിന്റെ മര്‍ദനമേറ്റ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. ജാര്‍ഖണ്ഡിലെ ഗര്‍വ ജില്ലയിലാണ് സംഭവം. ഒരു മാസം മുമ്പാണ് വിദ്യാര്‍ഥിയെ പ്രിന്‍സിപ്പാള്‍ മര്‍ദിച്ചത്.
സ്‌കൂളിന്റെ ഡ്രസ് കോഡിന് വിരുദ്ധമായി സ്ലിപ്പര്‍ ധരിച്ചെത്തിയെന്നതായിരുന്നു മര്‍ദനത്തിന് കാരണം. ദിവ്യ കുമാരി എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 15 ന് സ്‌കൂളിലെത്തിയ കുട്ടി സ്ലിപ്പറായിരുന്നു ധരിച്ചിരുന്നത്. അസംബ്ലിയില്‍ ഷൂ ധരിക്കാതെ സ്ലിപ്പറിട്ട് വിദ്യാര്‍ഥി നില്‍ക്കുന്നത് കണ്ട പ്രിന്‍സിപ്പാള്‍ ദ്രൗപതി മിന്‍സ് കുട്ടിയെ ശകാരിക്കുകയും അടിക്കുകയുമായിരുന്നു.
ഇതിനു പിന്നാലെ കടുത്ത മാനസിക പ്രയാസത്തിലായ കുട്ടി വിഷാദരോഗത്തിലായി. അസുഖബാധിതയായ കുട്ടിയെ ആദ്യം ഡാല്‍ട്ടന്‍ഗഞ്ചിലെ ആശുപത്രിയിലും പിന്നീട് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്കും മാറ്റി. ചികിത്സയ്ക്കിടെയാണ് മരണം.
കുട്ടിയുടെ മരണത്തില്‍ പ്രിന്‍സിപ്പലിനെതിരെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. കുട്ടിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും തെഹ്രി ഭണ്ഡാരിയ ചൗക്കിലെ പ്രധാന റോഡ് ഉപരോധിച്ചു. പ്രിന്‍സിപ്പലിന്റെ മാനസിക പീഡനം മൂലമാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.