

രാജസ്ഥാനിലെ ടോങ്കിൽ നിന്ന് 150 കിലോ നിരോധിത അമോണിയം നൈട്രേറ്റ് നിറച്ച മാരുതി സിയാസ് കാർ പിടികൂടി. ഇതിന് പുറമേ 200ഓളം വെടിയുണ്ടകളും 6 കെട്ട് സേഫ്റ്റി ഫ്യൂസ് വയറുകളും കാറിൽ നിന്ന് കണ്ടെടുത്തു . രാജസ്ഥാനിലെ ബുണ്ടിയിൽ നിന്നും ടോങ്കിലേക്ക് സ്ഫോടകവസ്ഥുകൾ കടത്തപ്പെടുന്നുണ്ട് എന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാർ പിടികൂടിയത്. സംഭവത്തിൽ സുരേന്ദ്ര മോച്ചി, സുരേന്ദ്ര പറ്റ്വ എന്നീ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു മേജർ ഓപ്പറേഷനിലൂടെയാണ് വാഹനം കണ്ടെത്തിയതെന്നും 2 കുറ്റാരോപിതരെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായും ഡിസിപി മൃത്യുഞ്ജയ് മിശ്ര പറഞ്ഞു.
കഴിഞ്ഞ മാസം ഡൽഹിയിൽ അമോണിയം നൈട്രേറ്റും മറ്റ് സ്ഫോടനവസ്തുക്കളും ഉപയോഗിച്ച് നടന്ന സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടിരുന്നു. ഈ സ്ഫോടനം നടക്കുന്നതിന് ഒരു ദിവസം മുമ്പ് തലസ്ഥാനത്ത് നിന്നും 50 കിലോമീറ്റർ മാറി ഹരിയാനയിലെ ഫരീദാബാദിൽ 2900 കിലോ സ്ഫോടകവസ്തുക്കൾ പിടികൂടിയിരുന്നു. സ്ഫോടനവുമായും സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സംഭവവുമായും ബന്ധപ്പെട്ട് ജമ്മു കശ്മീരിൽ നിന്നുള്ള ചില ഡോക്ടർമാരേയും അറസ്റ്റ് ചെയ്തിരുന്നു.