

മധ്യപ്രദേശിലെ ഇൻഡോറിൽ നവജാത ശിശുവിൻ്റെ കൈവിരൽ നഴ്സ് അബദ്ധത്തിൽ മുറിച്ച് മാറ്റി നഴ്സ്. മഹാരാജ യശ്വന്ത്റാവു ആശുപത്രിയിലാണ് സംഭവം. ഒന്നര മാസം പ്രായമുള്ള കുഞ്ഞിൻ്റെ തള്ളവിരലാണ് നഴ്സ് അബദ്ധത്തിൽ മുറിച്ചു മാറ്റിയത്.
ബേത്മ സ്വദേശിയായ അഞ്ചുഭായിയുടെ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞിൻ്റെ കയ്യിലെ കാനുല എടുത്തുമാറ്റുന്നതിനിടെയാണ് സംഭവം. കുഞ്ഞിൻ്റെ കാനുല കുത്തിയ ഭാഗത്ത് വീക്കം കണ്ടതിനെ തുടർന്ന് ജീവനക്കാരെ അറിയിച്ചപ്പോൾ നഴ്സ് വന്ന് കാനുല കട്ട് ചെയ്ത് മാറ്റുന്നതിനിടെ കുഞ്ഞിനെ തള്ളവിരൽ മുറിയുകയായിരുന്നു. സംഭവത്തെ തുടർന്ന് കുഞ്ഞിനെ ഉടൻ ഇൻഡോറിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അറ്റുപോയ തള്ളവിരൽ അടിയന്തര ശസ്ത്രക്രിയയിലൂടെ തുന്നിച്ചേർത്തു. കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. നിലവിൽ കുഞ്ഞ് നിരീക്ഷണത്തിലാണ്.
സംഭവത്തിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ നഴ്സിങ് ഇൻ ചാർജ് ആയിരുന്ന 3 പേരുടെ ഒരു മാസത്തെ ശമ്പളവും തടഞ്ഞുവെച്ചു. അന്വേഷണത്തിനായി ആശുപത്രി സൂപ്രണ്ടിൻ്റെ അധ്യക്ഷതയിൽ മൂന്നംഗ സമിതിയും രൂപീകരിച്ചു.