
ഇന്ത്യ ധിക്കാരിയാണെന്ന് പറഞ്ഞ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന് മറുപടിയുമായി കോൺഗ്രസ് എംപി ശശി തരൂർ. അനീതിക്ക് വഴങ്ങുകയോ, കീഴടങ്ങുകയോ ചെയ്യുന്നതിലും നല്ലത് ധിക്കാരിയാകുന്നതാണെന്നായിരുന്നു ശശി തരൂരിൻ്റെ മറുപടി. യുഎസുമായുള്ള വ്യാപാര ചർച്ചകളിൽ ഇന്ത്യ അൽപ്പം ധിക്കാരം കാണിക്കുന്നെന്നായിരുന്നു സ്കോട്ട് ബെസൻ്റിൻ്റെ പ്രസ്താവന.
എക്സ് പോസ്റ്റിലൂടെയായിരുന്നു സ്കോട്ട് ബെസൻ്റിനുള്ള തരൂരിൻ്റെ മറുപടി. "ഇന്ത്യ 'ധിക്കാരി'യാണെന്ന് ചിലർ ആരോപിക്കുന്നതായി കേട്ടു. അനീതിക്ക് വഴങ്ങുകയോ, കീഴടങ്ങുകയോ, ചെയ്യുന്നതിനേക്കാൾ നല്ലത് ധിക്കാരിയാകുന്നതാണ്," ശശി തരൂർ എക്സിൽ കുറിച്ചു.
ഒക്ടോബർ അവസാനത്തോടെ എല്ലാ താരിഫുകളും വ്യാപാര കരാറുകളും അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഫോക്സ് ബിസിനസിൻ്റെ ചോദ്യത്തിന് മറുപടി നൽകവെയായിരുന്നു സ്കോട്ട് ബെസൻ്റിൻ്റെ പ്രസ്താവന. "യുഎസ് നല്ല നിലയിലാണെന്ന് ഞാൻ കരുതുന്നു. അംഗീകരിക്കാത്ത വലിയ വ്യാപാര കരാറുകൾ ഇപ്പോഴും നിലവിലുണ്ട്. ഇന്ത്യ അൽപ്പം ധിക്കാരം കാണിക്കുന്നു," സ്കോട്ട് ബെസൻ്റ് പറഞ്ഞു.
അതേസമയം ഇന്ന് നടക്കുന്ന ട്രംപ് - പുടിന്‍ കൂടിക്കാഴ്ച പരാജയപ്പെട്ടാല്‍ ഇന്ത്യക്കെതിരായ തീരുവ നടപടി കടുപ്പിക്കുമെന്നും സ്കോട്ട് ബെസെന്‍റ് പറഞ്ഞിരുന്നു. റഷ്യന്‍ എണ്ണ വാങ്ങുന്നതിന്‍റെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ള 25 ശതമാനം പിഴ ഇനിയും ഉയർത്തും. ഉപരോധം അടക്കമുള്ള നടപടികളിലേക്ക് നീങ്ങാനും സാധ്യതയുണ്ടെന്ന് ബ്ലൂംബർഗ് ടിവി അഭിമുഖത്തില്‍ സ്കോട്ട് ബെസെന്‍റ് പറഞ്ഞു.