കർണാടക: ധർമസ്ഥലയിൽ നിന്ന് അസ്ഥികൂടത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. നേത്രാവതി നദിയോട് ചേർന്നുള്ള വനപ്രദേശത്ത് നടന്ന പരിശോധനയില്‍ സ്പോട്ട് നമ്പർ ആറിൽ നിന്നാണ് ശരീരഭാഗം ലഭിച്ചത്. അസ്ഥികള്‍ പുരുഷന്റേതാണെന്നാണ് പ്രാഥമിക നിഗമനം. സ്ഥലം കുഴിച്ചുള്ള പരിശോധന തുടരുന്നു.
മൂന്നാം ദിവസത്തെ പരിശോധനയിലാണ് അസ്ഥിഭാഗം കണ്ടെത്തിയിരിക്കുന്നത്. മുൻ ക്ഷേത്ര ശുചീകരണത്തൊഴിലാളി മൃതദേഹങ്ങൾ കുഴിച്ചിട്ടതായി കാണിച്ചുകൊടുത്ത സ്ഥലത്ത് ആദ്യ ദിനം അന്വേഷണസംഘം കുഴിച്ചുനോക്കിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല. 13 സ്ഥലങ്ങൾ അടയാളപ്പെടുത്തിയാണ് അന്വേഷണസംഘം പരിശോധന നടത്തുന്നത് ഇതില്‍ ആറാം സ്പോട്ടില്‍ കുഴിയെടുത്ത് നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം കണ്ടെത്തിയത്.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് മുന്‍ ക്ഷേത്ര ശുചീകരണ തൊഴിലാളി ദക്ഷിണ കർണാടക പൊലീസിന് മൊഴി നല്‍കിയതാണ് കേസിന് ആധാരം. ധര്‍മസ്ഥല മഞ്ജുനാഥ ക്ഷേത്ര ഭരണസമിതിയുമായും മറ്റ് ജീവനക്കാരുമായും ബന്ധപ്പെട്ടവരാണ് കൊലപാതകങ്ങള്‍ക്ക് പിന്നില്‍ എന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍.
നേത്രാവതി നദിക്ക് സമീപമാണ് മൃതദേഹങ്ങൾ സംസ്‌കരിച്ചതെന്നാണ് ഇയാള്‍ വെളുപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലില്‍ ഭാരതീയ ന്യായ സംഹിതയിലെ സെക്‌ഷൻ 211 (എ) പ്രകാരം ധർമസ്ഥല പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. എന്നാല്‍ തുടർനടപടി ആരംഭിച്ചില്ല.
2003ൽ ധർമസ്ഥലയിൽ കാണാതായ എംബിബിഎസ് വിദ്യാർഥി അനന്യ ഭട്ടിന്റെ അമ്മ സുജാത ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനു പിന്നാലെ പരാതിയുമായി രംഗത്തെത്തി. ജൂലൈ 11ന്, പരാതിക്കാരൻ സ്വയം പുറത്തെടുത്തതായി അവകാശപ്പെട്ട് ചില അസ്ഥികൂട അവശിഷ്‌ടങ്ങൾ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി. ഇയാളുടെ രഹസ്യ മൊഴിയെ തുടർന്നാണ് ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.