തമിഴ്‌നാട്ടിലെത്തിയപ്പോള്‍ മോദിക്ക് ഇരുണ്ട നിറം; വെയിലേറ്റതോ മേക്കപ്പോ?

മോദി മേക്കപ്പ് ചെയ്തതാണോ എന്നാണ് ഒരു പക്ഷത്തിന്റെ ചോദ്യം. വെയിലേറ്റ് കരിവാളിച്ച മുഖമാണെന്നാണ് മറുപക്ഷത്തിന്റെ മറുപടി.
PM Narendra Modi
തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി മോദിNews Malayalam 24X7
Published on
Updated on

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഡാര്‍ക്ക് സ്കിന്‍ ടോണ്‍ സമൂഹമാധ്യങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ക്കാണ് കാരണമായിരിക്കുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനത്ത് എത്തിയപ്പോള്‍ മോദി പ്രത്യേകം മേക്കപ്പ് ചെയ്തതാണോ എന്നാണ് ഒരു പക്ഷത്തിന്റെ ചോദ്യം. വെയിലേറ്റ് കരിവാളിച്ച മുഖമാണെന്നാണ് മറുപക്ഷത്തിന്റെ മറുപടി. തമിഴ്‌നാട്ടിലെ പ്രചാരണത്തിനുവേണ്ടി ഇരുണ്ടനിറം വരുത്തിയതാണെങ്കില്‍ അത് റേസിസം ആണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

സ്ത്രീ സംവരണം, മണ്ഡല പുനര്‍നിര്‍ണയം ഉള്‍പ്പെടെ ബില്ലുകള്‍ പാര്‍ലമെന്റില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് മോദി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്നത്. ബിജെപി-എഐഎഡിഎംകെ റാലികളില്‍ പങ്കെടുത്ത മോദിയുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. അത് കണ്ടവരെല്ലാം ഒരേ സ്വരത്തില്‍ ചോദിച്ചു: "രാവിലെ ഡല്‍ഹിയില്‍ കണ്ട മോദി അല്ലല്ലോ തമിഴ്‌നാട്ടില്‍?". മോദിയുടെ മുഖചര്‍മത്തിനൊക്കെ ഒരു നിറവ്യത്യാസം. ഒരുതരം ഡാര്‍ക്ക് ഷേഡ്. ടാന്‍ ആണോ... മേക്കപ്പ് ആണോ...? സംശയങ്ങള്‍ ഉയര്‍ന്നു. വെയിലേറ്റതുകൊണ്ട് സംഭവിച്ചതാണെന്നും, അതല്ല ഗ്രാമീണ വോട്ടര്‍മാരെ ആകര്‍ഷിക്കാനായി മനപൂര്‍വം ചെയ്തതാണെന്നും അഭിപ്രായമുയര്‍ന്നു. സ്കിന്‍ കളര്‍ മാറ്റിയിട്ടുണ്ടെങ്കില്‍, അത് റേസിസമാണെന്ന കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നു. കമന്റുകള്‍ക്കൊപ്പം, മീമുകളും, ട്രോളുകളും നിറഞ്ഞു.

‘50 Shades of Modi Ji’ എന്ന പേരിലാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നത്. 'മാര്‍ക്കറ്റ് ചെയ്യുന്നതില്‍ മിടുക്കനായ നേതാവ്, മികച്ച അഭിനേതാവ്' എന്നാണ് ചിലര്‍ പറഞ്ഞത്. രാഷ്ട്രീയലക്ഷ്യത്തോടെ ചെയ്ത മേക്കപ്പ് മാത്രമാണെന്നാണ് ഇത്തരക്കാരുടെ വാദം. 'മേക്കപ്പിലൂടെ നിറം മാറ്റുന്നത് ദ്രാവിഡ ജനതയെ അപമാനിക്കലാണെന്നും', 'ദക്ഷിണേന്ത്യക്കാരുടെ ഇരുണ്ട ചര്‍മത്തെ പരിഹസിക്കുകയാണെന്നും' അഭിപ്രായമുയര്‍ന്നു. 'തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ ഡാര്‍ക്ക് മേക്കപ്പ് ചെയ്തോ? അവിശ്വസനീയം, കോമാളിത്തം' എന്ന് കടുത്തഭാഷയില്‍ പ്രതികരിച്ചവരുമുണ്ട്. തമിഴ്‌നാട്ടില്‍നിന്ന് പശ്ചിമബംഗാളില്‍ എത്തിയപ്പോള്‍ നിറം തിരികെവന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വിനോദ് ചന്ദിന്റെ ഫേസ്ബുക്ക് കുറിപ്പ്
വിനോദ് ചന്ദിന്റെ ഫേസ്ബുക്ക് കുറിപ്പ്

'പശ്ചിമബംഗാളിലെ കഴിഞ്ഞ തെരഞ്ഞെടുപ്പുകാലത്ത് താടി നീട്ടിവളര്‍ത്തിയാണ് മോദി പ്രത്യക്ഷപ്പെട്ടത്. അത് രവീന്ദ്രനാഥ് ടാഗോറിനെപ്പോലെ തോന്നിപ്പിക്കാനായിരുന്നു' എന്നാണ് വിനോദ് ചന്ദ് എന്നൊരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബൗദ്ധികതലത്തില്‍ നോബേല്‍ ജേതാവിന്റെ നഖത്തിനൊപ്പം ആകില്ലെന്ന് അറിഞ്ഞിട്ടും നടത്തിയ ശ്രമം എന്നാണ് അദ്ദേഹം പരിഹസിക്കുന്നത്. മാത്രമല്ല, 2017ല്‍ അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ ബിജെപി നേതാവായ തരുണ്‍ വിജയ് നടത്തിയൊരു പരാമര്‍ശവും അദ്ദേഹം ഓര്‍മിപ്പിക്കുന്നുണ്ട്. "ഞങ്ങള്‍ ദേശീയവാദികളാണെങ്കില്‍, എന്തിനാണ് തെക്കന്‍ സംസ്ഥാനങ്ങള്‍? തമിഴരെയും, കേരളം, കര്‍ണാടക, ആന്ധ്രയെയും നിങ്ങള്‍ക്കറിയാമല്ലോ? ഞങ്ങള്‍ എന്തിനാണ് അവരോടൊപ്പം താമസിക്കുന്നത്? ഞങ്ങള്‍ക്ക് കറുത്തവരുണ്ട്, കറുത്തവര്‍ഗക്കാര്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ട്" -എന്നായിരുന്നു, ആഫ്രിക്കൻ പൗരന്മാർക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട വംശീയ ആരോപണങ്ങളില്‍ ഇന്ത്യയെ പ്രതിരോധിച്ചുകൊണ്ട് തരുണ്‍ പറഞ്ഞത്.

PM Narendra Modi
"പ്രതിപക്ഷം സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേല്‍പ്പിച്ചു"; രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി മോദിയുടെ മുഖം വെയിലേറ്റ് വാടിയതാണോ, അതോ മേക്കപ്പ് ഇട്ടതാണോ എന്ന കാര്യത്തിലൊന്നും ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ക്യാമറ ലൈറ്റിങ്ങിലെ പാളിച്ചകൊണ്ട് മോദിയുടെ ചിത്രങ്ങളും ദൃശ്യങ്ങളുമൊക്കെ മോശമായതാണോ എന്ന കാര്യത്തിലും ഉറപ്പില്ല. ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണെന്ന ചില അഭിപ്രായങ്ങള്‍ മാത്രമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com