
ജമ്മു കശ്മീർ: ഉദ്ദംപൂരിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് ദാരുണാന്ത്യം. അപകടത്തിൽ 16 പേർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. 23 സൈനികരാണ് വാഹനത്തിലുണ്ടായിരുന്നത്.
ബസന്ത് ഗഢിൽ നിന്ന് ഒരു ഓപ്പറേഷൻ കഴിഞ്ഞ് ഉദ്യോഗസ്ഥർ മടങ്ങുമ്പോൾ കദ്വ പ്രദേശത്ത് വെച്ചായിരുന്നു അപകടമുണ്ടായത്. സേനയുടെ 187-ാം ബറ്റാലിയന്റെതാണ് വാഹനം.
കാണ്ട്വ–ബസന്ത്ഗഢ് മേഖലയിലാണ് അപകടം നടന്നതെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്ദംപൂർ അഡീഷണൽ എസ്പി സന്ദീപ് ഭട്ട് പറഞ്ഞു. അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, സാധ്യമായ ഏറ്റവും മികച്ച സഹായം ഉറപ്പാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പറഞ്ഞു.