''ആർക്കൊപ്പം കറങ്ങിനടന്നാലും പ്രശ്‌നമില്ല; ഒറ്റ കാര്യം പാലിച്ചാല്‍ മതി!''-സ്ത്രീ സൗഹൃദത്തിൽ ഇന്ദിര ഫിറോസിന് മുന്നിൽവച്ച നിബന്ധന; സോണിയയുടെ വെളിപ്പെടുത്തൽ

ഫിറോസിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അപവാദക്കഥകൾ ഇന്ദിരയോട് ഒരു സുഹൃത്ത് പങ്കുവെച്ചപ്പോൾ അവർ നൽകിയ മറുപടി സോണിയ ആത്മകഥയിൽ പ്രത്യേകം എടുത്തെഴുതിയിട്ടുണ്ട്
Sonia Gandhi Memoir on Indira Gandhi Feroze Gandhi
Published on: 
Updated on: 

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും ഭർത്താവ് ഫിറോസ് ഗാന്ധിയും തമ്മിലുള്ള ദാമ്പത്യ ജീവിതത്തിലെ സങ്കീർണമായ ഏടുകളും വൈകാരിക സംഘർഷങ്ങളും വെളിപ്പെടുത്തി കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ ആത്മകഥയായ ബിലോങിങ് എ ജേർണി ഓഫ് ലവ്. ഇരുവരും തമ്മിലുണ്ടായിരുന്ന ആഴമേറിയ പ്രണയവും പിന്നീട് അധികാര രാഷ്ട്രീയത്തിന്റെ തിരക്കുകൾക്കിടയിൽ രൂപപ്പെട്ട അകൽച്ചയും വേർപിരിയലിന്റെ വക്കോളമെത്തിയ തർക്കങ്ങളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കുന്നു. ഇന്ദിരാ ഗാന്ധി എഴുതിയ സ്വകാര്യ കത്തുകളും കുടുംബാംഗങ്ങളോട് പങ്കുവെച്ച ഓർമകളും ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയരായ ദമ്പതികളുടെ വ്യക്തിജീവിതം സോണിയ ഗാന്ധി വരച്ചുകാട്ടുന്നത്.

അധികാരത്തിരക്കുകളും ദാമ്പത്യത്തിലെ അകൽച്ചയും

1942ലായിരുന്നു ഇന്ദിരയുടെയും ഫിറോസിന്റെയും വിവാഹം. അഞ്ചു വർഷത്തിന് ശേഷം ഇന്ത്യ സ്വതന്ത്രമാവുകയും ജവാഹർലാൽ നെഹ്റു പ്രഥമ പ്രധാനമന്ത്രിയാവുകയും ചെയ്തതോടെയാണ് ഇരുവരുടെയും ജീവിതത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചതെന്ന് സോണിയ കുറിക്കുന്നു. അപ്പോഴേക്കും 1944ൽ രാജീവ് ഗാന്ധിയും 1946ൽ സഞ്ജയ് ഗാന്ധിയും ജനിച്ചിരുന്നു. പ്രധാനമന്ത്രിയായ പിതാവിന്റെ ഔദ്യോഗിക കാര്യങ്ങളിൽ സഹായിക്കാനും കൂടെ അനുഗമിക്കാനും ഇന്ദിരയ്ക്ക് നിരന്തരം യാത്ര ചെയ്യേണ്ടി വന്നു. എന്നാൽ സ്വന്തം ജോലിയും രാഷ്ട്രീയ ഉത്തരവാദിത്തങ്ങളും കാരണം ഫിറോസിന് പലപ്പോഴും ഇന്ദിരയ്‌ക്കൊപ്പം സഞ്ചരിക്കാൻ സാധിച്ചിരുന്നില്ല. തുടക്കത്തിൽ ഈ സാഹചര്യം അംഗീകരിച്ചിരുന്നെങ്കിലും പിന്നീട് ഇന്ദിരയുടെ ഉത്തരവാദിത്തങ്ങൾ വർധിച്ചതോടെ ഇരുവരും തമ്മിൽ അകൽച്ച രൂപപ്പെടാൻ തുടങ്ങി.

ഔദ്യോഗിക വിരുന്നുകളിലെ പ്രോട്ടോക്കോൾ നിയന്ത്രണങ്ങൾ ഫിറോസിനെ വല്ലാതെ വേദനിപ്പിച്ചിരുന്നുവെന്ന് ഇന്ദിരയുടെ സ്റ്റാഫ് അംഗമായിരുന്ന ജാമി ആന്റിയുടെ ഓർമകൾ ഉദ്ധരിച്ച് സോണിയ എഴുതുന്നു. പ്രധാനമന്ത്രിയുടെ ആതിഥേയ എന്ന നിലയിൽ ഇന്ദിരയ്ക്ക് പിതാവിന്റെ തൊട്ടടുത്തും ഫിറോസിന് തീൻമേശയുടെ അങ്ങേയറ്റത്തുമായിരുന്നു ഇരിപ്പിടം ലഭിച്ചിരുന്നത്. ഇതിനെക്കുറിച്ച് പലരും തമാശ പറയുന്നതും കളിയാക്കുന്നതും ഫിറോസിന് വലിയ മാനസിക വിഷമമുണ്ടാക്കുകയും അപമാനബോധം നൽകുകയും ചെയ്തു. 1950കളുടെ മധ്യത്തോടെ പാർലമെന്റ് അംഗം എന്ന നിലയിൽ തനിക്ക് ലഭിച്ച ഔദ്യോഗിക വസതിയിലേക്ക് ഫിറോസ് താമസം മാറിയതോടെ അകൽച്ച കൂടുതൽ പ്രകടമായി.

കുറവുകളോടെ തന്നെ സ്‌നേഹിച്ച ഇന്ദിരയുടെ കത്തുകൾ

ഫിറോസിന്റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട അപവാദക്കഥകൾ ഇന്ദിരയോട് ഒരു സുഹൃത്ത് പങ്കുവെച്ചപ്പോൾ അവർ നൽകിയ മറുപടി സോണിയ ആത്മകഥയിൽ പ്രത്യേകം എടുത്തെഴുതിയിട്ടുണ്ട്. ഫിറോസിന് നിരവധി കുറവുകളുണ്ടെന്നും എന്നാൽ നമ്മളിൽ ആർക്കാണ് കുറവുകളില്ലാത്തതെന്നുമാണ് ഇന്ദിര തിരിച്ചുചോദിച്ചത്. ആ കുറവുകൾ തനിക്ക് അദ്ദേഹത്തോടുള്ള സ്‌നേഹത്തിലും വൈകാരിക അടുപ്പത്തിലും ഒരു മാറ്റവും വരുത്തുന്നില്ല. ആ കുറവുകൾ ഉള്ളതുകൊണ്ട് തന്നെയാണ് താൻ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും ഇന്ദിര കത്തിൽ കുറിച്ചതായി സോണിയ വെളിപ്പെടുത്തി.

Sonia Gandhi Memoir on Indira Gandhi Feroze Gandhi
''സോണിയ ഗാന്ധി കള്ളം പറയുന്നത് കണ്ടിട്ടില്ല; ആത്മകഥയിലെ വെളിപ്പെടുത്തലുകൾ സത്യസന്ധം''-പിന്തുണച്ച് മുൻ 'റോ' മേധാവി എഎസ് ദുലത്
Sonia Gandhi Memoir on Indira Gandhi Feroze Gandhi
ചാൾസ് ശോഭ്‌രാജിൻ്റെ കാമുകിക്ക് ജയിലിൽ ഭക്ഷണം എത്തിച്ചു നൽകി; ഇന്ദിരാഗാന്ധിയുടെ തിഹാർ ജയിൽവാസ അനുഭവം പങ്കുവച്ച് സോണിയ ഗാന്ധി

വിവാഹം കഴിഞ്ഞ് ഏതാനും വർഷങ്ങൾക്ക് ശേഷം ഫിറോസിന് അയച്ച മറ്റൊരു കത്തിലും ഇന്ദിര തന്റെ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഫിറോസ് ആരുടെ കൂടെ പുറത്തുപോകുന്നു എന്നതോ എന്ത് ചെയ്യുന്നു എന്നതോ തനിക്ക് പ്രശ്‌നമല്ലെന്നും അത് അദ്ദേഹത്തിന് സന്തോഷം നൽകുന്നുണ്ടെങ്കിൽ തനിക്ക് എതിർപ്പില്ലെന്നും ഇന്ദിര എഴുതി. എന്നാൽ, മറ്റുള്ളവരിൽ നിന്ന് അപവാദക്കഥകൾ കേൾക്കുന്നതിന് മുൻപ് കാര്യങ്ങൾ തന്നോട് നേരിട്ട് തുറന്നുപറയണമെന്ന ഒരൊറ്റ നിബന്ധന മാത്രമാണ് ഇന്ദിര മുന്നോട്ടുവെച്ചത്.

വേർപിരിയലിന്റെ വക്കോളമെത്തിയ തർക്കവും അനുരഞ്ജനവും

പിന്നീട് ഫിറോസ് മറ്റൊരു സ്ത്രീയുമായി പ്രണയത്തിലാണെന്ന വിവരം അറിഞ്ഞ് ഇന്ദിര കടുത്ത മാനസിക സംഘർഷത്തിലായെന്ന് സോണിയ വെളിപ്പെടുത്തുന്നു. രൂക്ഷമായ വാക്കുതർക്കത്തിനൊടുവിൽ ഇരുവരും ഔദ്യോഗികമായി വേർപിരിയാൻ തീരുമാനിക്കുന്ന ഘട്ടം വരെയെത്തി. വിശ്വസ്തനായ ഒരാളോട് ഫിറോസ് ഇക്കാര്യം സംസാരിക്കണമെന്ന് ആഗ്രഹിച്ച ഇന്ദിര ഇക്കാര്യം ജവാഹർലാൽ നെഹ്റുവിനെ അറിയിച്ചു. നെഹ്റു ഫിറോസുമായി സംസാരിക്കുകയും കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തതോടെ ഏതാനും മാസങ്ങൾക്ക് ശേഷം വേർപിരിയാനുള്ള തീരുമാനത്തിൽനിന്ന് ഫിറോസ് പിന്മാറുകയായിരുന്നു. പിതാവിന്റെ വസതിയിൽ സന്ദർശനം നടത്തിയിരുന്ന ബാല്യകാല ഓർമകൾ രാജീവ് ഗാന്ധി തന്നോട് പങ്കുവെച്ചിരുന്നതായും അവിടെ ചിലപ്പോഴൊക്കെ ഒരു സ്ത്രീ ഉണ്ടാവാറുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞിരുന്നതായും സോണിയ ഓർക്കുന്നു.

1958ൽ ഫിറോസിന് ഹൃദയാഘാതമുണ്ടായത് ഇവരുടെ ബന്ധത്തിൽ വഴിത്തിരിവായി. ഇരുവരും തമ്മിലുള്ള പഴയ മുറിവുകൾ പതിയെ ഉണങ്ങിത്തുടങ്ങി. ആ സമയം പിതാവിനൊപ്പം ഭൂട്ടാനിലായിരുന്ന ഇന്ദിര ഉടൻ തന്നെ തിരിച്ചെത്തുകയും നഴ്‌സിങ് ഹോമിൽ മണിക്കൂറുകളോളം ഫിറോസിനൊപ്പ്ം ചെലവഴിച്ച് പരിചരിക്കുകയും ചെയ്തു. ഫിറോസ് പൂർണ ആരോഗ്യം വീണ്ടെടുക്കുന്നതുവരെ ഇന്ദിര കൂടെത്തന്നെ നിന്നു. തൊട്ടടുത്ത വർഷം ഇന്ദിരയ്ക്ക് മൂത്രക്കല്ലിന് ശസ്ത്രക്രിയ നടന്നപ്പോൾ ഫിറോസും അതേ കരുതലോടെ പൂർണസമയവും അവരോടൊപ്പം നിന്നു പരിചരിച്ചു.

1960ൽ ഇന്ദിരയും ഫിറോസും മക്കളായ രാജീവും സഞ്ജയും ചേർന്ന് കശ്മീരിലേക്ക് ഒരുമിച്ച് അവധിക്കാല യാത്ര പോവുകയും ചെയ്തു. എന്നാൽ, മൂന്നു മാസങ്ങൾക്ക് ശേഷം മറ്റൊരു ഹൃദയാഘാതത്തെ തുടർന്ന് ഫിറോസ് അന്തരിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം തന്റെ അനുജത്തി ഭർത്താവുമായി വേർപിരിയാൻ ആലോചിക്കുന്ന വിവരം സോണിയ പങ്കുവെച്ചപ്പോൾ, ദേഷ്യത്തിലോ വേദനയിലോ ഇരിക്കുമ്പോൾ അത്തരം തീരുമാനങ്ങൾ എടുക്കരുതെന്നും ഫിറോസുമായി അകന്നുനിന്നതിൽ താൻ എന്നും ഖേദിച്ചിരുന്നുവെന്നുമാണ് ഇന്ദിരാ ഗാന്ധി നൽകിയ ഉപദേശമെന്ന് സോണിയ ഗാന്ധി ആത്മകഥയിൽ കുറിക്കുന്നു.