

കൊൽക്കത്ത: പശ്ചിമബംഗാളിൽ മമത ബാനർജിക്ക് വൻ തിരിച്ചടി. പുറത്താക്കപ്പെട്ട എംഎൽഎ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ച് സ്പീക്കർ. 60 എംഎൽഎമാരുടെ പിന്തുണയോടെയാണ് ഋതബ്രത പ്രതിപക്ഷനേതാവാകുന്നത്. തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കിയ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി അംഗീകരിച്ച് 60ഓളം എംഎൽഎമാർ ഒപ്പിട്ട കത്ത് സ്പീക്കർക്ക് സമർപ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ മുറിയുടെ താക്കോൽ സ്പീക്കർ കൈമാറിയതായാണ് റിപ്പോർട്ട്.
ഋതബ്രത ബാനർജിയുടെ നേതൃത്വത്തിൽ വിമത എംഎൽഎ സന്ദീപൻ സാഹയും മറ്റു വിമതരും ചേർന്നാണ് സ്പീക്കറെ നേരിൽ കണ്ട് എംഎൽഎമാരുടെ പിന്തുണാ കത്തുകൾ കൈമാറിയത്. പുതിയ നേതൃസംഘത്തെയും അവർ നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഋതബ്രത ബാനർജി നിയമസഭാ കക്ഷി നേതാവാകും. ജാവേദ് ഖാൻ, സന്ദീപൻ സാഹ, ശ്യൂളി സാഹ എന്നിവർ ഉപനേതാക്കളാകും. എംഎൽഎ അഖ്റുസമാൻ ചീഫ് വിപ്പും ആകും.
കൂറുമാറ്റ നിരോധന നിയമപ്രകാരം പാർട്ടിയിൽ നിന്നു പിരിഞ്ഞുപോകുന്ന വിഭാഗത്തിന് അയോഗ്യത ഒഴിവാക്കാൻ നിയമസഭാ കക്ഷിയുടെ മൂന്നിൽ രണ്ടു ഭൂരിപക്ഷം വേണം. നിയമസഭയിൽ ടിഎംസിക്ക് 80 എംഎൽഎമാരുള്ളതിനാൽ ആ പരിധി 54 ആണ്. 58 പേരുടെ പിന്തുണയുമായി വിമത പക്ഷം ആ പരിധി കടന്നു. കൂടാതെ തൃണമൂല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി നാമവും ചിഹ്നവും തങ്ങളുടേതായി നിലനിര്‍ത്താനും വിമത വിഭാഗത്തിന് സാധിച്ചേക്കും. വരും ദിവസങ്ങളില്‍ ഇതുസംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും.
അതേസമയം, വിമത നീക്കത്തെ ‘വഞ്ചന’ എന്നാണ് ടിഎംസി വിശേഷിപ്പിച്ചത്. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ പാർട്ടിക്കുള്ളിൽ ചർച്ച ചെയ്യാമായിരുന്നെന്നും അത് ചെയ്യാതെ അവർ പാർട്ടിയെ പിന്നിൽനിന്നു കുത്തിയെന്നുമാണ് എംഎൽഎ കുനാൽ ഘോഷ് പറഞ്ഞത്. വിമതരെ ‘രാജ്യദ്രോഹികൾ’ എന്നു വിശേഷിപ്പിച്ച അദ്ദേഹം, മമത ബാനർജിയുടെ നേതൃത്വത്തിൽ ടിഎംസി ഐക്യത്തോടെ പ്രതിസന്ധി മറികടക്കുമെന്നും കൂട്ടിച്ചേർത്തു.