

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതായി ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ആറ് നിയമസഭാ സീറ്റുകളിലേക്ക് സ്ഥാനാർഥികളെ നിർത്തുമെന്ന് ജാർഖണ്ഡിലെ ഭരണകക്ഷിയായ ജെഎംഎം ശനിയാഴ്ച അറിയിച്ചു.
മഹാസഖ്യത്തിൽ സീറ്റ് പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉടലെടുത്ത അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ ആണ് ജെഎംഎം സ്വതന്ത്രമായി മത്സരിക്കാനുള്ള നിർണായക തീരുമാനം പ്രഖ്യാപിച്ചത്. ഇത് ബിഹാറിലെ പ്രതിപക്ഷ സഖ്യത്തിന് വലിയ വെല്ലുവിളിയായേക്കാം.
ചക്കായ്, ധംധ, കട്ടോറിയ (പട്ടികവർഗ്ഗം), മണിഹാരി (പട്ടികവർഗ്ഗം), ജാമുയി, പിർപൈന്തി എന്നീ ആറ് നിയമസഭാ സീറ്റുകളിലാണ് പാർട്ടി സ്ഥാനാർഥികളെ നിർത്തുകയെന്ന് ജെഎംഎം ജനറൽ സെക്രട്ടറിയും വക്താവുമായ സുപ്രിയോ ഭട്ടാചാര്യ വ്യക്തമാക്കി.
ദേശീയ തലത്തിൽ പ്രതിപക്ഷ സഖ്യത്തിൻ്റെ ഭാഗമായിരുന്നിട്ടും ബിഹാറിലെ പ്രതിപക്ഷമായ മഹാഗഡ്ബന്ധൻ സഖ്യത്തിൽ ജെഎംഎമ്മിന് സീറ്റ് പങ്കാളിത്തം ലഭിക്കാത്തതിനെ തുടർന്നാണ് ഈ നിർണായക തീരുമാനം. ജെഎംഎമ്മിൻ്റെ ഈ നീക്കം ബിഹാറിലെ തെരഞ്ഞെടുപ്പ് രംഗത്ത് പുതിയ പോരാട്ടങ്ങൾക്ക് വഴി തുറക്കും. ഗോത്രവർഗ്ഗ ആധിപത്യമുള്ള പ്രദേശങ്ങളിൽ സ്വാധീനം ഉറപ്പിക്കാനാണ് പാർട്ടി പ്രധാനമായും ലക്ഷ്യമിടുന്നത്.
243 അംഗ ബിഹാർ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് നവംബർ 6, നവംബർ 11 തീയതികളിലായി നടക്കും. വോട്ടെണ്ണൽ നവംബർ 14നാണ്.