
ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയ സംഭവത്തില്‍ മൂന്ന് ശ്രീരാമസേന പ്രവര്‍ത്തകര്‍ പിടിയില്‍. കര്‍ണാടകയിലെ ബേലാഗവി ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ മുസ്ലീമായ പ്രധാന അധ്യാപകനെ പുറത്താക്കാനാണ് ശ്രീരാമ സേനക്കാരുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയത്.
സുലൈമാന്‍ ഗോരിനായിക് എന്ന പ്രധാന അധ്യാപകനെതിരെ സംശയം തീര്‍ത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ് പറയുന്നു. ഇതിനായി അഞ്ചാം ക്ലാസുകാരനെയാണ് ശ്രീരാമസേനക്കാര്‍ ഉപയോഗിച്ചതെന്നും പൊലീസ് പറയുന്നു.
13 വര്‍ഷമായി ഹൂലികാട്ടി ലോവര്‍ പ്രൈമറി സ്‌കൂളില്‍ സേവനമനുഷ്ഠിക്കുകയാണ് സുലൈമാന്‍. അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ കരിയറിയില്‍ കളങ്കമുണ്ടാക്കി ട്രാന്‍സ്ഫര്‍ നല്‍കുന്നതിനായുള്ള ശ്രമമാണ് നടന്നതെന്നും പൊലീസ് പറഞ്ഞു.
ജൂലൈ 14നാണ് സംഭവം. സ്‌കൂള്‍ വാട്ടര്‍ ടാങ്കിലെ വെള്ളം ഉപയോഗിച്ച 12 കുട്ടികള്‍ക്ക് ശാരീരിക അസ്വാസ്ഥ്യമുണ്ടായി. കുട്ടികള്‍ ഗുരതരാവസ്ഥയില്‍ ആയിരുന്നില്ലെന്നത് ആശ്വാസകരമായി. എന്നാല്‍ അന്വേഷണത്തില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയാണ് വാട്ടര്‍ ടാങ്കില്‍ വിഷം കലക്കിയതെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലില്‍, ശ്രീരാമസേനക്കാരാണ് തനിക്ക് ഈ ബോട്ടില്‍ തന്നതെന്നും ഇത് വാട്ടര്‍ ടാങ്കില്‍ ഒഴിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണ മദര്‍ എന്നയാളാണ് കുപ്പി കുട്ടിക്ക് നല്‍കിയതെന്നും പൊലീസ് കണ്ടെത്തി.
എന്നാല്‍ കൃഷ്ണ മദര്‍ ചിലരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് കുട്ടിക്ക് വിഷമടങ്ങിയ കുപ്പി നല്‍കിയതെന്ന് പൊലീസിന് വ്യക്തമായി. സാഗര്‍ പാട്ടീല്‍, നാഗനഗൗഡ പാട്ടീല്‍ എന്നിവരാണ് കൃഷ്ണ മദറിനെ ഭീഷണിപ്പെടുത്തിയത്. കൃഷ്ണയുടെ ഇതര മതത്തിലുള്ള പെണ്‍കുട്ടിയുമായുള്ള പ്രണയം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് വിഷം കുട്ടിക്ക് നല്‍കാന്‍ നിര്‍ബന്ധിച്ചതെന്നും പൊലീസ് പറഞ്ഞു. ശ്രീരാമസേന താലൂക്ക് പ്രസിഡന്റ് ആണ് സാഗര്‍ പാട്ടീല്‍.
സംഭവത്തില്‍ സാഗര്‍ പാട്ടീല്‍, നഗനഗൗഡ പാട്ടീല്‍, കൃഷ്ണ മദര്‍ എന്നിവരെ അറസ്റ്റു ചെയ്തു. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ അപലപിച്ചു. മൗലികവാദവും മത വിദ്വേഷവും നിറഞ്ഞ ക്രൂരമായ കുറ്റകൃത്യമെന്നാണ് സിദ്ധരാമയ്യ സംഭവത്തെ വിശേഷിപ്പിച്ചത്.