പ്രകോപനമില്ലാതെ ആക്രമിച്ചാല്‍ നായ്ക്കള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ; ഉത്തരവുമായി യുപി സര്‍ക്കാര്‍

നായയെ പ്രകോപിപ്പിച്ചാണ് ആക്രമിക്കുന്നതെങ്കില്‍ ഉത്തരവ് ബാധകമല്ല
NEWS MALAYALAM 24x7
stray dogs Image: Social Media
Published on

ലഖ്‌നൗ: തെരുവുനായ്ക്കള്‍ക്കെതിരെ വിചിത്ര ഉത്തരവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രകോപനമില്ലാതെ മനുഷ്യനെ കടിച്ചാല്‍ ജീവപര്യന്തം തടവ് ശിക്ഷയാണ് യുപി സര്‍ക്കാര്‍ തെരുവുനായ്ക്കള്‍ക്ക് വിധിച്ചിരിക്കുന്നത്. ഒരുവട്ടം കടിച്ചാല്‍ പത്ത് ദിവസം ആനിമല്‍ സെന്ററില്‍ തടവില്‍ പാര്‍പ്പിക്കും. പുറത്തിറങ്ങി വീണ്ടും മനുഷ്യനെ കടിച്ചാല്‍ ആനിമല്‍ സെന്ററില്‍ ജീവപര്യന്തം തടവില്‍ പാര്‍പ്പിക്കും.

പുറത്തിറങ്ങണമെങ്കില്‍ നായയെ ദത്തെടുക്കാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ടു വരണം. ആക്രമണകാരികളായ തെരുവുനായ്ക്കളെ നിയന്ത്രിക്കുന്നതിനായി ഉത്തര്‍പ്രദേശ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജിത്താണ് ഉത്തരവിറക്കിയിരിക്കുന്നത്. നായയെ പ്രകോപിപ്പിച്ചാണ് ആക്രമിക്കുന്നതെങ്കില്‍ ഉത്തരവ് ബാധകമല്ല.

ആനിമല്‍ സെന്ററില്‍ ആജീവനാന്തം താമസിപ്പിക്കുന്ന നായ്ക്കളെ പുറത്തിറക്കണമെങ്കില്‍ ആരെങ്കിലും ദത്തെടുക്കാന്‍ മുന്നോട്ടു വരണം. മാത്രമല്ല, ഇനിയൊരിക്കലും ഈ നായയെ തെരുവില്‍ ഇറക്കിവിടില്ലെന്ന് സത്യവാങ്മൂലവും നല്‍കണം. സെപ്റ്റംബര്‍ പത്തിനാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

തെരുവ് നായയുടെ കടിയേറ്റ് ആരെങ്കിലും ആന്റി റാബിസ് വാക്‌സിന്‍ എടുത്താല്‍ സംഭവം അന്വേഷിക്കുകയും നായയെ അടുത്തുള്ള മൃഗ ജനന നിയന്ത്രണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുകയും ചെയ്യും. ആനിമല്‍ സെന്ററില്‍ പ്രവേശിപ്പിച്ചാല്‍ നായയെ വന്ധ്യംകരിക്കും. തുടര്‍ന്ന് പത്ത് ദിവസം നിരീക്ഷിക്കും. പുറത്തേക്ക് വിടുന്നതിനു മുമ്പ് നായയില്‍ മൈക്രോചിപ്പ് ഘടിപ്പിക്കുകയും ചെയ്യും. പുറത്തിറങ്ങി ഇതേ നായ വീണ്ടും ആരെയെങ്കിലും ആക്രമിച്ചാല്‍ ആജീവനാന്തകാലം ആനിമല്‍ സെന്ററില്‍ കഴിയേണ്ടി വരും.

പ്രകോപനത്തെ തുടര്‍ന്നാണോ ആക്രമണം എന്ന് കണ്ടെത്താന്‍ മൂന്നംഗ കമ്മിറ്റിയെ നിയോഗിക്കുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അമൃത് അഭിജിത്ത് അറിയിച്ചു. സ്ഥലത്തെ വെറ്ററിനറി ഡോക്ടര്‍, മൃഗങ്ങളുടെ പെരുമാറ്റം മനസ്സിലാക്കാന്‍ കഴിവുള്ള ഒരാള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗം എന്നിവരായിരിക്കും കമ്മിറ്റിയില്‍ ഉണ്ടാകുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com