

ഡൽഹി: വോട്ട് ചോരി വിവാദത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പീപ്പിൾ എഗെയ്‌ൻസ്റ്റ് എസ്‌ഐആർ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തിയ മാർച്ചിൽ സംഘർഷം. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് വിദ്യാർഥി-കർഷക സംഘടനകളും പൗരാകാശ പ്രവർത്തകരും നടത്തിയ പീപ്പിൾസ് മാർച്ച് പൊലീസ് തടഞ്ഞു. ഇടത് സംഘടനകളും സമരക്കാർക്കൊപ്പം അണിചേർന്നു. തുടർന്ന് പൊലീസും സമരക്കാരുമായി ഏറ്റുമുട്ടലുണ്ടായി. പൊലീസ് ബലംപ്രയോഗിച്ച് പ്രവർത്തകരെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.
അശോകാ റോഡിൽ വച്ച് പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്. ഇരുന്നൂറിലേറെ രാഷ്‌ട്രീയ, സാമൂഹ്യ, പൗരാവകാശ സംഘടനകളുടെ കൂട്ടായ്‌മയാണ് 'പീപ്പിൾ എഗെൻസ്റ്റ് എസ്‌ഐആർ'. ഇടതുപക്ഷ പാർടികളും സംഘടനകളും കൂട്ടായ്‌മയിൽ സജീവമാണ്. സമരത്തിൽ സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ കർഷകരും സിഐടിയു, എസ്‌എഫ്‌ഐ, സിജെപി ഉൾപ്പെടെ സംഘടനകളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.
പൊലീസ് മാർച്ച് തടഞ്ഞതിന് ശേഷം പ്രതിഷേധക്കാർ ദേശീയ ഗാനം ആലപിച്ച് പിരിഞ്ഞ ശേഷമായിരുന്നു സംഘർഷം. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് എസ്.ഐ.ആർ വിരുദ്ധ കൂടായ്മയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. എംപിമാരായ ഡോ. ശിവദാസൻ, സന്തോഷ് കുമാർ, നേതാക്കളായ ബൃന്ദാ കാരാട്ട്, ആനി രാജ, യോഗേന്ദ്ര യാദവ് എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
പ്രതിഷേധം അവസാനിച്ച ശേഷം ഐസ, കെ.വി.എസ് എന്നീ സംഘടനകൾ പ്രകടനം നടത്തിയത് പൊലീസ് തടഞ്ഞു. അറസ്റ്റ് ചെയ്ത കെവിഎസ് പ്രവർത്തകരെ കയറ്റിയ ബസ് പ്രതിഷേധക്കാർ തടഞ്ഞതോടെ പൊലീസ് ബലം പ്രയോഗിച്ചു.