

ന്യൂഡല്‍ഹി: ഇന്ത്യന്‍ വംശജയയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു. 27 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് സുനിത വിരമിക്കല്‍ പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പതര മാസമാണ് സുനിത കഴിഞ്ഞത്. മൂന്ന് ദൗത്യങ്ങളിലായി 608 ദിവസങ്ങള്‍ ബഹിരാകാശത്ത് ചെലവഴിച്ചിട്ടുണ്ട്. ചൊവ്വാഴ്ചയാണ് സുനിതയുടെ വിരമിക്കല്‍ നാസ പ്രഖ്യാപിച്ചത്.
'സുനിത വില്യംസ് മനുഷ്യന്റെ ബഹിരാകാശ യാത്രയില്‍ ഒരു മാര്‍ഗദര്‍ശിയായി നിലകൊണ്ട വ്യക്തിയാണെന്ന് നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജയേഡ് ഐസക്ക്മാന്‍ പറഞ്ഞു. സുനിതയുടെ നേതൃത്വത്തിലൂടെ ബഹിരാകാശ നിലയത്തിലെ പര്യവേഷണത്തിന്റെ ഭാവി രൂപപ്പെടുകയും ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലെ വാണിജ്യ ദൗത്യങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
2024 ജൂണില്‍ എട്ട് ദിവസത്തെ ദൗത്യത്തിനായാണ് സുനിതയും ബുച്ച് വില്‍മോറും സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത്. എന്നാല്‍ സാങ്കേതിക തകരാര്‍ മൂലം ബഹിരാകാശ നിലയത്തില്‍ സുനിത തുടര്‍ന്നത് ഒന്‍പത് മാസത്തോളമാണ്.