

ചെന്നൈ: തിരു വികാ നഗറിലെ എൻഡിഎ സ്ഥാനാർഥി പോർകുടികൊടി ആംസ്ട്രോങ്ങിന് വിജയ ആശംസ നേർന്ന് പ്രശസ്ത സംവിധായകൻ പാ രഞ്ജിത്ത്. ദളിത് പ്രസ്ഥാനത്തിൻ്റെ മുൻ നിര നേതാവായിരുന്ന ആംസ്ട്രോങ്ങിൻ്റെ ഭാര്യയാണ് പോർകുടി. സാധാരണക്കാരോട് ചേർന്ന് നിൽക്കുന്ന നേതാവായി പോർകുടി മാറട്ടെയെന്ന് പാ രഞ്ജിത്ത് ആശംസിച്ചു. കടുത്ത ബിജെപി വിമർശകനായ പാ രഞ്ജിത്തിൻ്റെ പിന്തുണയ്ക്കെതിരെ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്.
ബഹുജൻ സമാജ് പാർട്ടി തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് ആ യിരിക്കെ കൊല്ലപ്പെട്ട കെ. ആംസ്ട്രോങ്ങിൻ്റെ ഭാര്യയായ പോർകൊടി ഭർത്താവിൻ്റെ മരണത്തിന് ഉത്തരവാദികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള പോരാട്ടങ്ങളിലൂടെ ശ്രദ്ധേയായിരുന്നു. കഴിഞ്ഞ വർഷമാണ് ഇവർ തമിഴ് മാനില ബഹുജൻ സമാജ് കക്ഷി എന്ന പേരിൽ പുതിയ പാർട്ടി ഉണ്ടാക്കിയത്. എന്നാൽ തെരഞ്ഞെടുപ്പിന് മുൻപ് എൻഡിഎയിൽ ചേരുകയായിരുന്നു. തിരു വികാ നഗറിൽ എം.കെ . പല്ലവിയും. ഡിഎംകെയുടെ കെ.എസ് രവിചന്ദ്രനുമാണ് ഇവരുടെ എതിരാളികൾ.
തമിഴ്നാട്ടിലെ ദളിത് പ്രസ്ഥാനങ്ങളുടെ മുൻനിര നേതാവായിരുന്നു ആംസ്ട്രോങ്ങ് 2024 ജൂലായ് 5നാണ് കൊല്ലപ്പെട്ടത്. കേസിൽ അന്വേഷണം നടത്തിയ പൊലീസ് 5000 പേജുകൾ കുറ്റപത്രമാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചത്. എന്നാൽ കോടതി കുറ്റപത്രം റദ്ദാക്കി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേസിലെ പ്രധാനപ്രതി പി. നാഗേന്ദ്രൻ മറ്റൊരു കേസിലെ ജയിൽ ശിക്ഷയ്ക്കിടെ ജയിലിൽ വെച്ച് മരിച്ചു. കേസിൽ ബിജെപി അണ്ണാ ഡിഎംകെ പ്രവർത്തകരും പ്രതികളാണ്.