

ഡൽഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ പരാതി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കൈമാറുന്നതിനായി ഇൻഡ്യ സഖ്യ നേതാക്കൾ സുപ്രീം കോടതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തവെ അപ്രതീക്ഷിത പ്രതിഷേധ റാലി സംഘടിപ്പിച്ച അഭിഭാഷകർ. സീനിയർ അഭിഭാഷകനും കോൺഗ്രസ് എംപിയുമായ അഭിഷേക് മനു സിങ്‌വിയുടെ നേതൃത്വത്തിലാണ് സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയത്.
"ഇത് വളരെ ലളിതമാണ്. ഞങ്ങളുടേത് പ്രതിഷേധ മാർച്ചൊന്നുമല്ല. ഞങ്ങൾ തത്വാധിഷ്ഠിതമായ ഒരു കാര്യത്തിലാണ് പോകുന്നത്. എല്ലാ വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളും സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കും," അഭിഷേക് മനു സിങ്‌വി എഎൻഐയോട് പറഞ്ഞു.
അതേസമയം,അഭിഭാഷകർ പൊലീസ് നടപടിക്കും അഭിഭാഷകർക്കെതിരായ ക്രൂരതയ്ക്കും എതിരെ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിഷേധിച്ചു.
ഇൻഡ്യ മുന്നണി നേതാക്കൾക്കൊപ്പം വിവിധ സംഘടനാ പ്രവർത്തകരും ആയിരക്കണക്കിന് പൊതുജനങ്ങളും കാൽനടയായി അവരെ പിന്തുടരുന്നുണ്ട്. ഇന്ത്യൻ ദേശീയ പതാക ഉയർത്തിക്കൊണ്ടും വ്യത്യസ്ത രാഷ്ട്രീയ പാർട്ടികളുടെ കൊടികൾ ഉയർത്തിക്കൊണ്ടും തീർത്തും സമാധാനപരമായാണ് മാർച്ച് മുന്നേറുന്നത്.
അതേസമയം, ഇൻഡ്യ മുന്നണി പ്രതിപക്ഷ പാർട്ടികളുടെ എം.പിമാരെ ഉൾക്കൊള്ളുന്ന മൂന്ന് ബസുകളിലായാണ് മാർച്ച് ആരംഭിച്ചിരിക്കുന്നത്. 'ചലോ ഡൽഹി, മാർച്ച് ഫോർ ഡെമോക്രസി' എന്നീ പേരിലാണ് മാർച്ച് പുരോഗമിക്കുന്നത്. ബാരാകമ്പയിൽ നിന്നും സുപ്രീം കോടതിയിലേക്കാണ് പ്രതിഷേധ മാർച്ച് നടത്തുക.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സിപിഐഎം ജനറൽ സെക്രട്ടറി എം.എ. ബേബി, പ്രിയങ്കാ ഗാന്ധി അടക്കമുള്ള എംപിമാരും, നേഹ ബോറ, യോഗേന്ദ്ര യാദവ് , അഖിലേഷ് യാദവ്, മമതാ ബാനർജി, എ. രാജ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ഈ വാഹനങ്ങളിലുണ്ട്.