

ഡൽഹി: ഒരു പ്രതിയെ കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനുള്ളിൽ പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണമെന്ന വ്യവസ്ഥയിൽ വ്യക്തത വരുത്തി സുപ്രീം കോടതി. ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതൽ അല്ല, പകരം പൊലീസ് കസ്റ്റഡിയിലെടുക്കുന്ന സമയം മുതൽ തന്നെ 24 മണിക്കൂർ സമയപരിധി ആരംഭിക്കുമെന്ന് കോടതി ഉത്തരവിട്ടു.
ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ, ജസ്റ്റിസ് അതുൽ എസ്. ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാന നിരീക്ഷണം നടത്തിയത്. അറസ്റ്റും കസ്റ്റഡിയും തമ്മിൽ കൃത്രിമമായ വ്യത്യാസങ്ങൾ കൽപ്പിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.
അറസ്റ്റിനു മുന്നോടിയായുള്ള കസ്റ്റഡി കാലയളവ് ഒഴിവാക്കാൻ പൊലീസിന് അനുവാദം നൽകുന്ന ഏതൊരു വ്യാഖ്യാനവും ഭരണഘടനാ തത്വങ്ങൾക്ക് എതിരായിരിക്കുമെന്ന് ബെഞ്ച് ചൂണ്ടിക്കാണിച്ചു. ഔദ്യോഗിക അറസ്റ്റിന് മുൻപുള്ള അന്വേഷണം, ചോദ്യം ചെയ്യൽ, പരിശോധന എന്നിവയ്ക്കായി ചെലവഴിക്കുന്ന സമയം 24 മണിക്കൂർ പരിധിയിൽ നിന്ന് ഒഴിവാക്കാൻ കഴിയില്ല. അറസ്റ്റ് ചെയ്ത സ്ഥലത്ത് നിന്ന് മജിസ്ട്രേറ്റ് കോടതിയിലേക്കുള്ള യാത്രാസമയം മാത്രമാണ് ഇതിൽ നിന്നും ഒഴിവാക്കാൻ സാധിക്കുന്ന ഏക കാലയളവെന്നും കോടതി വ്യക്തമാക്കി.
24 മണിക്കൂർ സമയപരിധിക്കുള്ളിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാത്ത വ്യക്തിയെ ഉടൻ തന്നെ വിട്ടയക്കണം. ഒഡീസ, മദ്രാസ്, കേരള ഹൈക്കോടതികളുടെ മുൻകാല വിധികൾ തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.