ഡൽഹി: രേണുകാ സ്വാമി കൊലപാതക കേസിൽ കന്നഡ നടന്‍ ദര്‍ശന്‍ ദർശൻ തൂഗുദീപൻ്റേയും നടി പവിത്ര ഗൗഡയുടേയും ജാമ്യം സുപ്രീം കോടതി റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്‍റെ അപ്പീലിലാണ് നടപടി. പ്രതി എത്ര വലിയവനായാലും അയാൾ നിയമത്തിന് അതീതനല്ലെന്ന് സുപ്രീം കോടതി പറഞ്ഞു. മറ്റ് അഞ്ച് പേര്‍ക്ക് കര്‍ണാടക ഹൈക്കോടതി നല്‍കിയ ജാമ്യവും സുപ്രീം കോടതി റദ്ദാക്കി.
ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് കർണാടക ഹൈക്കോടതിയുടെ മുൻ വിധി റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ജാമ്യം നൽകിയുള്ള ഹൈക്കോടതി ഉത്തരവ് വിചാരണയെ ബാധിക്കും. സാക്ഷികളെ സ്വാധീനിക്കാൻ ഇത് പ്രതികളെ സഹായിക്കുമെന്നും ജസ്റ്റിസ് മഹാദേവൻ പറഞ്ഞു. കേസിൽ ആദ്യം അറസ്റ്റിലായ ദർശന് കഴിഞ്ഞ ഡിസംബറിലായിരുന്നു കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
നടി പവിത്ര ഗൗഡയ്ക്ക് സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ സന്ദേശങ്ങൾ അയച്ചുവെന്ന് ആരോപിച്ചാണ് ദർശൻ തൂഗുദീപയുടെ നിർദേശപ്രകാരം രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് ദർശനും പവിത്ര ഗൗഡയും ഉൾപ്പെടെ 15 പേരെ പൊലീസ്അറസ്റ്റ് ചെയ്തതിരുന്നു.
കേസിൻ്റെ കുറ്റപത്രത്തില്‍ കന്നട നടന്‍ ദര്‍ശനെതിരെ 200ഓളം തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ക്രൂരമായ മര്‍ദനമാണ് രേണുകാസ്വാമി നേരിട്ടെന്നതടക്കുമുള്ള വിവരങ്ങളും കുറ്റപത്രത്തിലുണ്ട്. ആക്രമണത്തില്‍ രേണുകാസ്വാമിയുടെ നെഞ്ചിന്‍ കൂട് തകര്‍ന്നിരുന്നു. ശരീരത്തില്‍ 39 മുറിവുകള്‍ പറ്റിയ പാടുകള്‍ ഉണ്ടായിരുന്നെന്നും തലയില്‍ ആഴത്തിലുള്ള മുറിവും ഉണ്ടായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വൈദ്യുതി അളക്കുന്ന മെഗ്ഗര്‍ മെഷീന്‍ ഉപയോഗിച്ച് രേണുകാസ്വാമിയുടെ സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കടിപ്പിച്ചു എന്നും കുറ്റപത്രത്തിലുണ്ട്. കൊലപാതകത്തിന് ശേഷം ദര്‍ശനും മറ്റു പ്രതികളും സ്വാധീനവും പണവും ഉപയോഗിച്ച് മൃതദേഹം നശിപ്പിക്കാന്‍ ശ്രമിച്ചു. ഒപ്പം തെളിവുകളും നശിപ്പിക്കാന്‍ ശ്രമിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.