

ന്യൂഡൽഹി: കുട്ടികൾക്ക് പ്രായഭേദമെന്യേ ഇന്റർനെറ്റ് ലഭ്യമാക്കുന്നത് മൗലികാവകാശമാണെന്ന് സുപ്രീംകോടതി. പ്രായം മുൻനിർത്തി കുട്ടികൾക്ക് ഇന്റർനെറ്റ് നിഷേധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. ഭരണഘടനയുടെ 21, 19 (1)(എ) വകുപ്പുകൾ ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ ജെ.ബി. പർദിവാല, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നീരിക്ഷണം.
ഇന്റർനെറ്റിന് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തുന്നതിന് പകരം മാതാപിതാക്കളുടെ മേൽനോട്ടവും അനുമതിയുമുള്ള സംവിധാനങ്ങളാണ് കൊണ്ടുവരേണ്ടതെന്ന് കോടതി നിർദേശിച്ചു. ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടത് അല്ലാതെ ഇന്റർനെറ്റല്ലെന്നും കോടതി വ്യക്തമാക്കി.
പ്രായപരിധി പരിശോധിക്കുന്നതിന്റെ പേരിൽ കുട്ടികളുടെ വ്യക്തിഗത വിവരങ്ങൾ ശേഖരിക്കുന്നത് സ്വകാര്യതാ ലംഘനമാകും. നിയമം മൂലം നിരോധനം ഏർപ്പെടുത്തിയാൽ കുട്ടികൾ സുരക്ഷിതമല്ലാത്ത മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് തിരിയാൻ സാധ്യതയുണ്ട്. കൂടാതെ, ഇന്റർനെറ്റ് ഉപയോഗിച്ചതിന് മാതാപിതാക്കൾ ശിക്ഷിക്കുമെന്ന ഭയം കാരണം ഓൺലൈൻ ചൂഷണങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ അത് തുറന്നുപറയാൻ മടിക്കും. ഇത് പോക്സോ (POCSO) നിയമത്തിന്റെ ലക്ഷ്യത്തെത്തന്നെ തകർക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.