

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പത്തോളം പ്രതിപക്ഷ നേതാക്കൾ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനും നോട്ടീസയച്ച് സുപ്രീം കോടതി. എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്ത് കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
ജന്തർമന്തറിൻ്റെ പ്രതിഷേധ പദവി മാറ്റിയ നടപടിയിലും ഡൽഹി പൊലീസിനോടും കേന്ദ്ര സർക്കാരിനോടും സുപ്രീം കോടതി വിശദീകരണം തേടി നോട്ടീസ് അയച്ചിട്ടുണ്ട്. "കേന്ദ്രത്തിനും ഡൽഹി പോലീസിനും മറുപടി തേടി ഞങ്ങൾ നോട്ടീസ് അയയ്ക്കുന്നു. അവർ മറുപടി നൽകട്ടെ. അത് തൃപ്തികരമല്ലെങ്കിൽ നിയമം അതിൻ്റെ വഴിക്ക് പോകും," സുപ്രീം കോടതി വ്യാഴാഴ്ച പറഞ്ഞു.
ജന്തർ മന്തറിനെ പ്രതിഷേധ സ്ഥലമായി മാറ്റാനുള്ള തീരുമാനം ഒരു കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. ഒക്ടോബർ 11 ലെ ഡൽഹി പോലീസ് ഉത്തരവ് പ്രകാരം കിഴക്കൻ ഡൽഹിയിലെ രാംലീല ഗ്രൗണ്ട്, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവ പ്രതിഷേധ വേദികളായി പ്രഖ്യാപിച്ചിരുന്നു. കൂടാതെ മൂന്ന് പുതിയ സ്ഥലങ്ങളിലും പ്രതിഷേധങ്ങൾ നടത്തുന്നതിനുള്ള സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്ഒപി) പ്രത്യേകം പുറപ്പെടുവിക്കുമെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു.
അതേസമയം സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്തിയ രാഹുൽ ഗാന്ധിക്കെതിരെയും കോടതി നീരസം പ്രകടിപ്പിച്ചു. സുപ്രീം കോടതി പരിസരത്തേക്ക് മാർച്ച് നടത്തിയതിന് വിശദീകരണം തേടിയിട്ടുണ്ട്. ഹർജിക്കാരനെ കുറിച്ചും ചിലത് പറയാനുണ്ടെന്ന് കോടതി വ്യക്തമാക്കി.