ഡൽഹി: പോൺ കണ്ടന്റുകൾ നിരോധിക്കണമെന്ന ഹർജിയിൽ മറുപടിയുമായി സുപ്രീം കോടതി. ഹർജിക്കാരനെ നേപ്പാളിലെ ജെൻ-സി പ്രക്ഷോഭം ഓർമിപ്പിച്ചായിരുന്നു ചീഫ് ജസ്റ്റിസിന്റെ ഇടപെടൽ. "ഒരു നിരോധനത്തിനെതിരെ നേപ്പാളിൽ എന്താണ് സംഭവിച്ചതെന്ന് നോക്കൂ" എന്നു പറഞ്ഞാണ് ചീഫ് ജസ്റ്റിസ് ഗവായ് പ്രതികരിച്ചത്. നേപ്പാളിൽ സർക്കാരിനെ തന്നെ അട്ടിമറിച്ച, ജെൻ- സി പ്രക്ഷോഭത്തെ പരാമർശിച്ചായിരുന്നു കോടതി ഇടപെടൽ. ഹർജി നാല് ആഴ്ചകൾക്ക് ശേഷം പരിഗണിക്കുമെന്നും അറിയിച്ചു.
പ്രായപൂർത്തിയാകാത്തവർക്കിടയിൽ, പ്രത്യേകിച്ച് പൊതു ഇടങ്ങളിൽ പോൺ ചിത്രങ്ങൾ കാണുന്നത് നിരോധിക്കുന്നതിന് ഒരു ദേശീയ നയം രൂപീകരിക്കണം. അതിനായി കർമ്മപദ്ധതി തയ്യാറാക്കുന്നതിന് കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിരുന്നു. ഡിജിറ്റലൈസേഷനുശേഷം എല്ലാം ഒറ്റ ക്ലിക്കിൽ ലഭ്യമാണെന്നും ആർക്കാണ് വിദ്യാഭ്യാസമുള്ളത് അല്ലെങ്കിൽ വിദ്യാഭ്യാസമില്ലാത്തത് എന്നത് പ്രശ്നമല്ലെന്നും ഹർജിക്കാരൻ പറഞ്ഞു.
അശ്ലീല കണ്ടന്റുകൾ പ്രോത്സാഹിപ്പിക്കുന്ന നിരവധി സൈറ്റുകൾ ഇന്റർനെറ്റിൽ ലഭ്യമാണെന്ന് സർക്കാർ തന്നെ സമ്മതിച്ചിച്ചുണ്ട്. കോവിഡ് കാലത്ത് സ്കൂൾ കുട്ടികൾ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചു. എന്നാൽ ഇതുവഴി അശ്ലീല കണ്ടന്റുകൾ നിയന്ത്രിക്കാൻ ഒരു സംവിധാനവുമില്ലെന്നും, ഈ പ്രശ്നം കൈകാര്യം ചെയ്യാൻ ഫലപ്രദമായ ഒരു നിയമവുമില്ലെന്നും, അശ്ലീലം കാണുന്നത് വ്യക്തികളെയും കുട്ടികളുൾപ്പെടെയുള്ള സമൂഹത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നുമാണ് ഹർജിക്കാരന്റെ ആശങ്ക.