
ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കുന്നത് സംബന്ധിച്ച് ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി ഏർപ്പെടുത്തിയ ഉത്തരവ് റദ്ദാക്കില്ലെന്ന് സുപ്രീം കോടതി. രാഷ്ട്രപതിയുടെ റഫറൻസിൽ വാദം കേട്ട ജസ്റ്റിസ് ബി.ആർ. ഗവായിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തമിഴ്നാട് നിയമസഭ പാസാക്കിയ 10 ബില്ലുകൾക്ക് അനുമതി നൽകാൻ ഗവർണർ ഡോ. ആര്‍.എന്‍. രവി വിസമ്മതിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജിയിലാണ് ഏപ്രില്‍ 12ന്, സമയപരിധി നിശ്ചയിച്ച് വിധി സുപ്രീം കോടതി പുറപ്പെടുവിച്ചത്. ഈ വിധിന്യായത്തിൽ, ഗവർണർ രവിയുടെ നടപടികൾ "നിയമവിരുദ്ധവും" "ഏകപക്ഷീയവുമാണ്" എന്നും ബില്ലുകൾ രണ്ടാമതും അവതരിപ്പിച്ചതിന് ശേഷം ഗവർണർ ഒപ്പിടേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു.
ബില്ലുകള്‍ പിടിച്ചുവയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവർണർക്ക് നൽകുന്നില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. നിയമസഭ പാസാക്കിയ ബില്ലുകളില്‍ ഗവര്‍ണര്‍ക്ക് മുന്നില്‍ മൂന്ന് സാധ്യത മാത്രമാണ് ഉളളത്. ബില്ലിന് അംഗീകാരം നല്‍കാം, തടഞ്ഞുവെയ്ക്കാം, രാഷ്ട്രപതിക്ക് കൈമാറാം. ഇതിലൊന്ന് ചെയ്ത ശേഷം രാഷ്ട്രപതിക്ക് ബില്‍ കൈമാറാനാവില്ല. ഗവര്‍ണര്‍ക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ലെന്നും ബില്‍ തടഞ്ഞുവെച്ചാല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നുമാണ് സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞത്. തീരുമാനമെടുത്തില്ലെങ്കില്‍ മൂന്ന് മാസത്തിനകം മന്ത്രിസഭയ്ക്ക് തിരിച്ചയയ്ക്കണം. നിയമസഭ രണ്ടാമതും അംഗീകരിച്ച ബില്ലില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നുമായിരുന്നു കോടതി വിധി.
ഗവര്‍ണര്‍മാർ അയയ്ക്കുന്ന ബില്ലുകളില്‍ രാഷ്ട്രപതി മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്നായിരുന്നു ഉത്തരവ്. ഓര്‍ഡിനന്‍സുകളില്‍ തീരുമാനമെടുക്കാന്‍ മൂന്നാഴ്ചത്തെ സമയപരിധിയാണ് രാഷ്ട്രപതിക്ക് കോടതി നല്‍കിയിരുന്നത്. ഇത് ചോദ്യം ചെയ്താണ് രാഷ്ട്രപതി ദ്രൗപദി മുർമു സുപ്രീം കോടതിയില്‍ റഫറന്‍സ് നല്‍കിയത്. രാഷ്ട്രപതിയും ഗവര്‍ണര്‍മാരും ബില്ലുകള്‍ ഒപ്പിടുന്നതിന് സുപ്രീം കോടതിക്ക് സമയപരിധി നിശ്ചയിക്കാന്‍ കഴിയുമോ? ഭരണഘടനയില്‍ ഇല്ലാത്ത നിബന്ധനകള്‍ എങ്ങനെയാണ് സുപ്രീം കോടതിക്ക് ഏര്‍പ്പെടുത്താനാവുകയെന്നത് ഉള്‍പ്പെടെ 14 ചോദ്യങ്ങളാണ് രാഷ്ട്രപതി കോടതിയോട് ഉന്നയിച്ചത്.
പൊതു പ്രാധാന്യമുള്ള നിയമപരമായ കാര്യങ്ങളിൽ സുപ്രീം കോടതിയുമായി കൂടിയാലോചിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ 143ൽ കോടതിക്ക് അഭിപ്രായം പറയാൻ കഴിയും. പക്ഷേ അതിന് വിധിന്യായത്തെ മറികടക്കാൻ കഴിയില്ലെന്നുമാണ് റഫറന്‍സില്‍ വാദം കേട്ട ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞത്.
ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി.എസ്. നരസിംഹ, ജസ്റ്റിസ് എ. ചന്ദൂർക്കർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച്, കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാലിന്റെയും (തമിഴ്നാടിനുവേണ്ടി ഹാജരായ) മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വിയുടെയും വാദങ്ങള്‍ കേട്ടുകൊണ്ടാണ് നടപടിക്രമം ആരംഭിച്ചത്. പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ റെഫറന്‍സില്‍ ഉന്നയിച്ച 14 ചോദ്യങ്ങൾക്ക് തമിഴ്‌നാട് കേസ് കേട്ട രണ്ടംഗ ബെഞ്ചിന്റെ വിധിന്യായത്തില്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നാണ് ഇരുവരും വാദിച്ചത്. ഇതിനകം തീരുമാനിച്ച വിഷയങ്ങൾ പുനഃപരിശോധിക്കാൻ രാഷ്ട്രപതിക്ക് ആർട്ടിക്കിൾ 143 പ്രകാരമുള്ള അധികാരം ഉപയോഗിക്കാന്‍ സാധിക്കില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ നാളെയും വാദം തുടരും.