ഡൽഹി: രാജ്യദ്രോഹ കേസിൽ മുതിർന്ന മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ്റെയും കരൺ ഥാപ്പറിൻ്റെയും അറസ്റ്റ് തടഞ്ഞ് സുപ്രീം കോടതി. അസ്സം പൊലീസെടുത്ത രാജ്യദ്രോഹ കേസിലാണ് അറസ്റ്റ് തടഞ്ഞത്. ഇവരുടെ ഇടക്കാല സംരക്ഷണം സെപ്റ്റംബർ 15 വരെ നീട്ടി. എല്ലാവരും കോടതി ഉത്തരവ് പാലിക്കുമെന്ന് കരുതുന്നുവെന്നും സുപ്രീംകോടതി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലായിരുന്നു അസം പൊലീസ് കേസെടുത്തത്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് ഉത്തരവ്. കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ അവർ സഹകരിച്ചില്ലെങ്കിൽ മാത്രമേ നടപടിയെടുക്കാൻ സാധിക്കൂ എന്ന് കോടതി വ്യക്തമാക്കി.
മാധ്യമ റിപ്പോര്‍ട്ടുകള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരല്ലെന്ന സുപ്രീംകോടതി നിരീക്ഷണത്തിന് പിന്നാലെയായിരുന്നു അസ്സം പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. സിദ്ധാർഥ് വരദരാജൻ 'ദ വയർ' സ്ഥാപക എഡിറ്ററാണ്. ദ വയറില്‍ തന്നെയാണ് ഥാപ്പറും പ്രവർത്തിക്കുന്നത്.