
ഉദയ്പൂര്‍ ഫയല്‍സ് എന്ന ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതിയുടെ ഉത്തരവിനെതിരെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ തല്‍ക്കാലം ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ച കോടതി പ്രദര്‍ശനാനുമതിയില്‍ സിബിഎഫ്‌സി ഉടന്‍ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. സമയനഷ്ടമില്ലാതെ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.
ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല ബാഗ്ചി എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്. ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ച പ്രകാരം കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. 'ഉദയ്പൂര്‍ ഫയല്‍സ്' സിനിമയുടെ റിലീസ് സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ കഴിഞ്ഞ ദിവസമാണ് നിര്‍മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചത്.
അതേസമയം പ്രദര്‍ശനാനുമതിയില്‍ ഉച്ചയ്ക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ചിത്രം സ്റ്റേ ചെയ്ത ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ഡല്‍ഹി ഹൈക്കോടതി പ്രദര്‍ശനാനുമതി നിഷേധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. സിബിഎഫ്‌സി നല്‍കിയ സര്‍ട്ടിഫിക്കറ്റിനെതിരെ ഹര്‍ജിക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
സിബിഎഫ്‌സി സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയതില്‍ പുനഃപരിശോധന നടത്തണമെന്നായിരുന്നു ഡല്‍ഹി ഹൈക്കോടതിയുടെ വിധി. ഈ വിധി പിന്തുടരാനാണ് നിലവില്‍ സുപ്രീം കോടതിയും നിര്‍ദേശിച്ചിരിക്കുന്നത്.
2022 ജൂണില്‍ രാജസ്ഥാനിലെ ഉദയ്പൂരില്‍ കനയ്യ ലാല്‍ എന്ന തയ്യല്‍ക്കാരനെ കടമുറിയിലിട്ട് മുഹമ്മദ് റിയാസ് അട്ടാരി, ഗൗസ് മുഹമ്മദ് എന്നിവര്‍ കൊലപ്പെടുത്തിയ സംഭവമാണ് സിനിമയിലൂടെ പറയുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസിനെതിരെ ജംഇയ്യത്തുല്‍ ഉലമ ഹിന്ദിന്റെ ഹര്‍ജിയിലായിരുന്നു ഡല്‍ഹി ഹൈക്കോടതി പ്രദര്‍ശനാനുമതി തടഞ്ഞത്.
ചിത്രം മുസ്ലീം സമുദായത്തെ മുഴുവന്‍ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചിരുന്നു. മുസ്ലീം സമുദായത്തില്‍ നിന്നുള്ള ഒരാള്‍ കുട്ടിയുമായി സ്വവര്‍ഗാനുരാഗത്തില്‍ ഏര്‍പ്പെടുന്നതടക്കം വികലമായാണ് മുസ്ലീം സമുദായത്തെ ചിത്രീകരിച്ചിരിക്കുന്നതെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു.