ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ ബാബ്‌റി മസ്ജിദ് പള്ളിക്ക് പുനര്‍ നിര്‍മിക്കുമെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടെന്ന കേസ് റദ്ദാക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് ഫയാസ് മന്‍സൂരിയെന്ന യുവാവ് ഫയല്‍ ചെയ്ത ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. 'തുര്‍ക്കിയിലെ ഹാഗിയ സോഫിയ പോലെ ബാബ്‌റി മസ്ജിദ് ഒരുനാള്‍ പുനര്‍ നിര്‍മിക്കപ്പെടും' എന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ്. ഇതോടെയാണ് മന്‍സൂരിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം തന്റെ പോസ്റ്റിന് താഴെ മോശവും ആക്ഷേപകരവുമായ കമന്റിട്ടതു മറ്റൊരാളാണെന്നും അയാളെ കണ്ടെത്തുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടുവെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ പോസ്റ്റ് തങ്ങളും കണ്ടതാണെന്നായിരുന്നു സുപ്രീം കോടതിയുടെ മറുപടി. ഈ വിഷത്തില്‍ കൂടുതല്‍ മറുപടി തങ്ങളില്‍ നിന്ന് ചോദിച്ച് വാങ്ങരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.
2020 ഓഗസ്റ്റ് ആറിനാണ് യുവാവിനെതിരെ എഫ്‌ഐആര്‍ ഇട്ടത്. ലഖിംപൂര്‍ ഖേരിയിലെ ജില്ലാ മജിസ്‌ട്രേറ്റ് ദേശീയ സുരക്ഷാ നിയമപ്രകാരം മന്‍സൂരിക്കെതിരെ തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും 2021 സെപ്തംബറില്‍ അലഹബാദ് ഹൈക്കോടതി ഇത് റദ്ദാക്കുയായിരുന്നു.