തമിഴ്നാട്: കരൂരിലെ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) സംസ്ഥാന പര്യടന റാലിയിലുണ്ടായ ദുരന്തത്തിൻ്റെ ഇരകൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്ക് ഒരു ലക്ഷം രൂപയും ധനസഹായം നൽകും. ഇത് സംബന്ധിച്ച പ്രസ്താവന മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പുറത്തിറക്കി. എം.കെ. സ്റ്റാലിൻ ഇന്ന് തന്നെ കരൂരിലെത്തും.
കരൂർ ദുരന്തത്തിൽ തമിഴ്നാട് സർക്കാർ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. അന്വേഷണകമ്മീഷനെ പ്രഖ്യാപിച്ചു. റിട്ട. ജഡ്ജ് അരുണ ജഗദീശന്‍ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ത്രിച്ചി, സേലം, ദിണ്ഡിഗല്‍, കരൂർ കളക്ടർമാരെ നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തങ്ങളുടെ ഏകോപന ചുമതല മന്ത്രിമാരായ സെന്തില്‍ ബാലാജിക്കും മാ സുബ്രഹ്മണ്യത്തിനും നൽകിയിട്ടുണ്ട്.
ടിവികെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 മരണം സ്ഥിരീകരിച്ചതായാണ് ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കുട്ടികളും സ്ത്രീകളുമടക്കമുള്ളവരാണ് മരിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ ആൾക്കൂട്ടത്തിൽ നിരവധി പേർ കുഴഞ്ഞുവീണതായും റിപ്പോർട്ട്. ഗർഭിണികൾക്കും കുട്ടികൾക്കുമടക്കം പരിക്കേറ്റിട്ടുണ്ട്. നിരവധി പേരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ പലരുടെയും നില അതീവ ഗുരുതരമാണ്. കൂടുതല്‍ പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്.