ചെന്നൈ: തെരഞ്ഞെടുപ്പിന് മുന്നോടിയായി ന്യൂനപക്ഷ രാഷ്ട്രീയ നിലപാട് എടുത്ത് പറഞ്ഞ് ഡിഎംകെ. മുസ്ലിം സമൂഹത്തോടൊപ്പം എക്കാലവും നിലകൊള്ളുമെന്നും ന്യൂനപക്ഷ അവകാശം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു.
പ്രവാചകൻ മുഹമ്മദ് നബിയുടെ വാക്കുകളെ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന എസ്‌ഡിപിഐ നേതാവ് നെല്ലായ് മുബാറക്കിൻ്റെ ആവശ്യത്തോട് സിലബസിൽ തമിഴ്നാട് അത് പഠിക്കുന്നുണ്ടല്ലോ എന്നായിരുന്നു സ്റ്റാലിൻ്റെ മറുപടി. പെരിയാർ, സി.എൻ. അണ്ണാദുരൈ, കരുണാനിധി എന്നീ തമിഴ് പരിഷ്കരണവാദികൾ മതപ്രവാചകൻ്റെ വാക്കുകളെ പരിഷ്കരണ പ്രത്യയശാസ്ത്രങ്ങളുമായി യോജിപ്പിച്ചവരാണ്. അതുുകൊണ്ട് തന്നെ നബിയുടെ വാക്കുകൾ കുട്ടികൾ പഠിക്കുന്നുണ്ടെന്നും സ്റ്റാലിൻ പറഞ്ഞു.
ബിജെപിയുടെ വഖഫ് നിയമ ഭേദഗതിയിൽ സുപ്രിം കോടതി സ്റ്റേ ചെയ്യാൻ ഇടയാക്കിയത് ഡിഎംകെയുടെ നിയമപോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നബിയുടെ 1500 മത് ജന്മവാർഷിക ചടങ്ങിലായിരുന്നു സ്റ്റാലിൻ്റെ പ്രസംഗം. പൗരത്വ ഭേദഗതി, മുത്തലാഖ് വിഷയങ്ങളിൽ എഐഡിഎംകെ ന്യൂനപക്ഷത്തോട് കാണിച്ചത് കൊടിയ വഞ്ചനയെന്ന് പറഞ്ഞ സ്റ്റാലിൻ ആരുടെ ഭരണകാലത്താണ് സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ചതിന് മുസ്ലിങ്ങളെ ലാത്തിചാർജ് ചെയ്തതെന്നും നന്നായി അറിയാമല്ലോ എന്ന് സദസിനോട് ചോദിച്ചു.
1969 ൽ കരുണാനിധി പ്രഖ്യാപിച്ച നബിദിന അവധി, 2001-ൽ എഐഎഡിഎംകെ സർക്കാർ റദ്ദാക്കിയതും 2006-ൽ ഡിഎംകെ ഇത് പുനഃസ്ഥാപിച്ച കാര്യവും സ്റ്റാലിൻ ചടങ്ങിൽ എടുത്തുപറഞ്ഞു. ഉറുദു സംസാരിക്കുന്ന മുസ്ലിങ്ങൾക്ക് പിന്നാക്ക വിഭാഗത്തിൽ 3.5 ശതമാനം ആഭ്യന്തര സംവരണം, ന്യൂനപക്ഷ ക്ഷേമ ബോർഡ്, ഉറുദു അക്കാദമി രൂപീകരണം, ചെന്നൈ വിമാനത്താവളത്തിന് സമീപം പുതിയ ഹജ്ജ് ഹൗസ് എന്നീ സർക്കാരിൻ്റെ ക്ഷേമപദ്ധതികളും സ്റ്റാലിൻ വേദിയിൽ വിശദീകരിച്ചു.
ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച സ്റ്റാലിൻ ബിജെപിയുടെ ഏകാധിപത്യ വർഗീയ രാഷ്ട്രീയത്തെ പിന്തുണയ്ക്കരുതെന്നും അഭ്യർഥിച്ചു. മതപണ്ഡിതർ അടക്കം നൂറുകണക്കിന് പേർ ചടങ്ങിൽ പങ്കെടുത്തു.