

ബെംഗളൂരു: മേക്കേദാട്ടു അണക്കെട്ട് വിവാദത്തിൽ വീണ്ടും പരസ്യ പ്രതികരണവുമായി കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ രംഗത്ത്. മേക്കേദാട്ടു അണക്കെട്ട് വിഷയത്തെ രാഷ്ട്രീയമായി തമിഴ്നാട്ടിലെ കക്ഷികൾ എതിർത്തേക്കാമെന്നും എന്നാൽ നിയമവശങ്ങൾ പരിശോധിക്കാൻ തമിഴ്നാട് തയ്യാറാകണമെന്നും ഡി.കെ. ശിവകുമാർ അഭ്യർഥിച്ചു. രാജ്യത്തെ നിയമത്തെ ബഹുമാനിക്കേണ്ടതുണ്ടെന്നും കോടതി എന്താണോ നിർദേശിക്കുന്നത് അത് നടപ്പിലാക്കാൻ നമ്മളെല്ലാം ബാധ്യസ്ഥരാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി.
"ഞാൻ ഇത് കേന്ദ്ര സർക്കാരിന് മുന്നിൽ വച്ചിട്ടുണ്ട്. പ്രധാനമന്ത്രിയോടും ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ രാജ്യത്തെ നിയമത്തെ നമ്മൾ ബഹുമാനിക്കണം. കോടതി എന്ത് പറഞ്ഞാലും നമ്മൾ അത് നടപ്പിലാക്കണം. അവർ രാഷ്ട്രീയമായി എതിർത്തേക്കാം എന്ന് ഞാൻ കരുതുന്നു. തമിഴ്നാട്ടിലെ ചെന്നൈയിൽ അവർക്ക് ഒരു വലിയ നിയമസംഘമുണ്ട്. അവർ അത് ചെയ്യട്ടെ. അവർക്ക് മനസ്സിലാകും. എന്നിട്ടും അവർ എതിർക്കാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ അവരുടെ ശബ്ദം നിർത്താൻ പോകുന്നില്ല, പക്ഷേ ഞങ്ങൾ ഞങ്ങളുടെ ജോലി ചെയ്യണം. അത് ഞങ്ങളുടെ പ്രതിബദ്ധതയാണ്," ഡി.കെ. ശിവകുമാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെയും ഈ വിഷയത്തിൽ പ്രതികരിച്ചു. ഇരു സംസ്ഥാനങ്ങളിലെയും നേതാക്കൾ സ്വന്തം താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും നിയമം ഞങ്ങൾക്കൊപ്പമാണെന്നും കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു.
"തമിഴ്നാട് പിസിസി പ്രസിഡൻ്റ് പ്രസ്താവനകൾ നടത്തുകയും തമിഴ്നാടിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ തൻ്റെ കഴിവിൻ്റെ പരമാവധി ശ്രമിക്കുകയും ചെയ്യും. അതുപോലെ, കർണാടക പിസിസി പ്രസിഡൻ്റും മുഖ്യമന്ത്രിയും നമ്മളെല്ലാവരും നമ്മുടെ സംസ്ഥാനത്തിൻ്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണ്. സുപ്രീം കോടതി നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നിയമം കർണാടകയുടെ പക്ഷത്താണ്. എന്ത് സംഭവിച്ചാലും അത് രണ്ട് സംസ്ഥാനങ്ങൾക്കും ഗുണം ചെയ്യും. വാസ്തവത്തിൽ ഡി.കെ. ശിവകുമാർ തമിഴ്നാട് മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ ഒരു സംഭാഷണം നടത്താൻ അവസരം വാഗ്ദാനം ചെയ്തിരുന്നു. എല്ലാവരും രാജ്യത്തെ നിയമം പാലിക്കണം," പ്രിയങ്ക് ഖാർഗെ പറഞ്ഞു.
കർണാടകയിലെ രാമനഗര ജില്ലയിൽ (കനകപുരയ്ക്ക് സമീപം) കാവേരി നദിക്ക് കുറുകെ നിർമിക്കാൻ ഉദ്ദേശിക്കുന്ന ഒരു ബാലൻസിങ് റിസർവോയർ പദ്ധതിയാണ് മേക്കേദാട്ടു അണക്കെട്ട് പദ്ധതി. ബെംഗളൂരു നഗരത്തിൻ്റെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുക, 400 മെഗാവാട്ട് ജലവൈദ്യുതി ഉത്പാദിപ്പിക്കുക, നദിയിൽ വെള്ളം കൂടുതലുള്ള സമയങ്ങളിൽ അധികജലം സംഭരിച്ച് ഒഴുക്ക് നിയന്ത്രിക്കുക, പദ്ധതിയുടെ മൊത്തം സംഭരണ ശേഷി 67.16 ടി.എം.സി ആക്കുക തുടങ്ങിയവയാണ് ബാലൻസിങ് റിസർവോയർ മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.