
തമിഴ്‌നാട്ടിലെ കടലൂർ ജില്ലയിൽ ട്രെയിൻ സ്കൂൾ ബസിൽ ഇടിച്ച് നാല് വിദ്യാർഥികൾ മരിച്ചു. പത്ത് കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ വില്ലുപുരം-മയിലാടുതുറൈ എക്സ്പ്രസ് സ്കൂൾ ബസിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം.
പാളം മുറിച്ച് കടക്കുന്നതിനിടെ ഡ്രൈവർ ട്രെയിൻ വരുന്നത് ശ്രദ്ധിക്കാത്തതിനെ തുടർന്നാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കുട്ടികളുടെ മരണത്തിന് കാരണം റെയിൽവേ ഗേറ്റ് കീപ്പറുടെ അശ്രദ്ധയാണെന്ന് ദൃക്‌സാക്ഷികൾ ആരോപിച്ചു.
പരിക്കേറ്റ എല്ലാ വിദ്യാർഥികളെയും കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമായി തുടരുന്നുവെന്ന് റിപ്പബ്ലിക് വേൾഡ് റിപ്പോർട്ട് ചെയ്തു. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.