കരൂർ ദുരന്തം; ഒളിവിൽ കഴിഞ്ഞിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി അറസ്റ്റിൽ

ഒളിവിൽ കഴിയുകയായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നതായും റിപ്പോർട്ട് ഉണ്ട്. അതേസമയം വ്യാജ പ്രചാരണക്കേസിൽ ടിവികെ- ബിജെപി നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.
കരൂർ ദുരന്തം; ടിവികെ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
കരൂർ ദുരന്തം; ടിവികെ ജില്ലാ സെക്രട്ടറി അറസ്റ്റിൽ Source; Social Media
Published on

കരൂർ ദുരന്തത്തിൽ സംഘാടകർക്ക് എതിരായ കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ്. ഒളിവിൽ കഴിയുകയായിരുന്ന ടിവികെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനാണ് അറസ്റ്റിലായത്. കേരളത്തിൽ ഒളിവിൽ കഴിഞ്ഞിരുന്നതായും റിപ്പോർട്ട് ഉണ്ട്. അതേസമയം വ്യാജ പ്രചാരണക്കേസിൽ ടിവികെ- ബിജെപി നേതാക്കളും അറസ്റ്റിലായിട്ടുണ്ട്.

ദുരന്തത്തിൽ ഡിഎംകെയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ടിവികെ രംഗത്തെത്തിയിരുന്നു. ദുരന്തത്തിന് പിന്നിൽ ഡിഎംകെ എംഎൽഎയും മുന്‍ മന്ത്രിയുമായ സെന്തിൽ ബാലാജിയുടെ ഗൂഢാലോചനയെന്നാണ് ആരോപണം. ദുരൂഹതയുണ്ടെന്നും സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം നൽകിയ ഹർജിക്കും സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡിഎംകെക്കും മുന്‍ മന്ത്രി സെന്തില്‍ ബാലാജിക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.

സെന്തില്‍ ബാലാജിയുടെ ശക്തി കേന്ദ്രമാണ് കരൂര്‍. ഇവിടെ വിജയ് വരുന്നത് തിരിച്ചടിയാകുമെന്നതിനാല്‍ റാലി അലങ്കോലമാക്കാന്‍ മനപൂര്‍വ്വമായ ശ്രമം സെന്തില്‍ ബാലാജിയുടെ നേതൃത്വത്തില്‍ നടത്തി. ബാലാജിയുടെ നേതൃത്വത്തിലുള്ള ഗുണ്ടകള്‍ റാലിക്കിടയിലേക്ക് നുഴഞ്ഞ് കയറി. വിജയ് എത്തിയപ്പോൾ മനപൂര്‍വ്വം വൈദ്യുതി തകരാറിലാക്കുകയും വിജയിക്ക് നേരെ കല്ലേറുണ്ടാവുകയും ചെയ്തു.. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ഇടപെടാതിരുന്നതും മനപൂര്‍വ്വമാണെന്ന് ടിവികെ ആരോപിക്കുന്നു.

അപകടമുണ്ടായതിന് തൊട്ടുപിന്നാലെ തന്നെ സെന്തില്‍ ബാലാജി ആശുപത്രിയിലേക്കെത്തി. വാര്‍ത്താസമ്മേളനവും വിളിച്ചു. ഇതെല്ലാം സംശയാസ്പദമാണെന്നിങ്ങനെയാണ് ടിവികെയുടെ വാദം. ടിവികെയുടെ ഹർജി പരിഗണിക്കുന്നത് മദ്രാസ് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. കരൂർ ദുരന്തത്തിൽ പൊലീസ് എഫ്ഐആറിൽ വിജയ്‌ക്കെതിരെയും പരാമർശമുണ്ട്. വിജയ് കൃത്യ സമയത്ത് റാലിക്കെത്തിയില്ലെന്നും ടി വി കെ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ സൌകര്യം ഒരുക്കിയില്ലെന്നും എഫ്ഐആറിൽ പറയുന്നു. പൊലീസ് നിർദേശങ്ങൾ പാലിക്കുന്നതിൽ ടിവികെയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി. നിരവധി തവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ചതായും പൊലീസ് പറയുന്നു.

സുരക്ഷ സേനക്ക് നിയന്ത്രിക്കാനാവാത്ത വിധം ജനക്കൂട്ടം റാലിക്ക് എത്തി. മൂന്ന് മണി മുതല്‍ 10 മണി വരെയുള്ള സമയത്താണ് പരിപാടിക്ക് അനുമതി നല്‍കിയിരുന്നത്. പാര്‍ട്ടിയുടെ ശക്തി പ്രകടിപ്പിക്കാൻ ലക്ഷ്യമിട്ട് 4 മണിക്കൂര്‍ പരിപാടി വൈകിപ്പിച്ചു. പന്ത്രണ്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടിരുന്നുവെന്നും എഫ്ഐആറിൽ പൊലീസ് പറയുന്നു. അതിനിടെ കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിൽ വ്യാജപ്രചരണം നടത്തരുതെന്ന് വീഡിയോ സന്ദേശത്തിലൂടെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശിച്ചു. കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com