
മുംബൈ: എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഇരകളായവര്‍ക്കായി ക്ഷേമ ട്രസ്റ്റ് രൂപീകരിച്ച് ടാറ്റാ ഗ്രൂപ്പ്. 500 കോടിയുടെ ക്ഷേമ ട്രസ്റ്റാണ് ടാറ്റാ ട്രസ്റ്റും ടാറ്റാ സണ്‍സും ചേര്‍ന്ന് രൂപീകരിച്ചത്. എഐ -171 മെമ്മോറിയല്‍ വെല്‍ഫെയര്‍ ട്രസ്റ്റ് എന്ന പേരില്‍ മുംബൈയിലാണ് ട്രസ്റ്റ് രൂപീകരിച്ചത്.
അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 കോടി രൂപ സാമ്പത്തിക സഹായം നല്‍കുന്നത് ഉള്‍പ്പെടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ടാറ്റ സണ്‍സും ടാറ്റ ട്രസ്റ്റുകളും 250 കോടി രൂപ വീതം ട്രസ്റ്റിന് സംഭാവന ചെയ്യും.
261 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടം നടന്ന് ഒരു മാസത്തിനു ശേഷമാണ് ടാറ്റാ ഗ്രൂപ്പിന്റെ പ്രഖ്യാപനം. അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവും ട്രസ്റ്റ് വഹിക്കും. കൂടാതെ, വിമാനം ഇടിച്ചിറങ്ങിയ ബിജെ മെഡിക്കല്‍ കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ചെലവും ടാറ്റാ ഗ്രൂപ്പ് വഹിക്കും.
ജൂണ്‍ 12നാണ് രാജ്യത്തെ ഞെട്ടിച്ച വിമാനാപകടം ഉണ്ടായത്. ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ 171 വിമാനമാണ് ടേക്ക് ഓഫ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തകര്‍ന്നുവീണത്. 242 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 230 പേര്‍ യാത്രക്കാരും 12 പേര്‍ ജീവനക്കാരുമാണ്. വിമാനം ജനവാസ മേഖലയില്‍ തകര്‍ന്ന് വീണുണ്ടായ അപകടത്തില്‍ ആകെ 261 പേര്‍ കൊല്ലപ്പെട്ടതായിരുന്നു ഗുജറാത്ത് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്.