

ഡൽഹി: രാജ്യതലസ്ഥാനത്ത് 30 ലക്ഷത്തിൽ താഴെയുള്ള ഇ-കാറുകൾക്ക് നികുതി ഇളവ്. വൃത്തിയുള്ള ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും, കടുത്ത വായു മലിനീകരണം പരിഹരിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഡൽഹി സർക്കാർ പുതിയ നയം പാസാക്കിയിരിക്കുന്നത്.
ഇന്ന് ചേർന്ന മന്ത്രിസഭായോഗം പുതിയ ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം അംഗീകരിച്ചു. 30 ലക്ഷം രൂപ വരെ വിലയുള്ള ഇലക്ട്രിക് കാറുകളെ റോഡ് നികുതിയിൽ നിന്നും രജിസ്ട്രേഷൻ ഫീസിൽ നിന്നും ഒഴിവാക്കും.
2027 ജനുവരി ഒന്ന് മുതൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ രജിസ്റ്റർ ചെയ്യാവൂ എന്നും, 2028 ഏപ്രിൽ ഒന്ന് മുതൽ പുതിയ പെട്രോൾ, സിഎൻജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടം ഘട്ടമായി നിർത്തലാക്കുകയും ഇലക്ട്രിക് മോഡലുകൾ ഉപയോഗിക്കുകയും ചെയ്യുമെന്നും നയത്തിലുണ്ട്.
മന്ത്രിസഭ അംഗീകരിച്ച പ്രമേയം ലെഫ്റ്റനൻ്റ് ഗവർണർ തരൺജിത് സിങ് സന്ധുവിൻ്റെ അംഗീകാരത്തിനായി അയച്ചിരിക്കുകയാണ്. ഈ നയം ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരാനും 2030 മാർച്ച് 31 വരെ പ്രാബല്യത്തിൽ തുടരാനുമാണ് പദ്ധതിയെന്നും ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത പറഞ്ഞു.
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് ആദ്യ, രണ്ടാം, മൂന്നാം വർഷങ്ങളിൽ യഥാക്രമം 30,000 രൂപ, 20,000 രൂപ, 10,000 രൂപ എന്നിങ്ങനെ സബ്‌സിഡികൾ ലഭിക്കും. ഇതേ കാലയളവിൽ ഇലക്ട്രിക് മുച്ചക്ര വാഹനങ്ങൾ വാങ്ങുന്നവർക്ക് 50,000 രൂപ, 40,000 രൂപ, 30,000 രൂപ എന്നിങ്ങനെ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
ഹൈബ്രിഡ് വാഹനങ്ങൾക്ക് സബ്‌സിഡി ലഭിക്കില്ല. 2027 ജനുവരി ഒന്ന് മുതൽ ഡൽഹിയിൽ ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാത്രമേ രജിസ്റ്റർ ചെയ്യൂ. പുതിയ പെട്രോൾ, സിഎൻജി ഇരുചക്ര വാഹനങ്ങളുടെ രജിസ്ട്രേഷൻ ഘട്ടംഘട്ടമായി നിർത്തലാക്കും, 2028 ഏപ്രിൽ ഒന്ന് മുതൽ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ മാത്രമേ രജിസ്റ്റർ ചെയ്യൂവെന്നും ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.
അടുത്ത നാല് വർഷത്തിനുള്ളിൽ ഈ നയത്തിലൂടെ ഏകദേശം 15,000 കോടി രൂപയുടെ ആനുകൂല്യങ്ങളും നിക്ഷേപങ്ങളും സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിൽ ഏകദേശം 7,000 കോടി രൂപ പ്രോത്സാഹനങ്ങൾക്കായി ചെലവഴിക്കും. കൂടാതെ 8,000 കോടി രൂപ ഇലക്ട്രിക് വാഹന അടിസ്ഥാന സൗകര്യ വികസനത്തിനും നികുതി ഇളവുകൾക്കുമായി നീക്കിവച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.