
മണിപ്പൂരില്‍ തലയില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കി ആരംഭായ് തെംഗോല്‍ (എ.ടി) പ്രവർത്തകർ. ഇംഫാലിലെ പ്രതിഷേധത്തിനിടെയാണ് എ.ടി പ്രവർത്തകരായ യുവാക്കള്‍ ജീവത്യാഗം ചെയ്യുമെന്ന് ഭീഷണിയുയർത്തിയത്. മെയ്തെയ് സംഘടനയായ ആരംഭായ് തെംഗോലിൻ്റെ നേതാവിനെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് മണിപ്പൂരിൽ വീണ്ടും സംഘർഷം ശക്തമാകുകയാണ്.
മെയ്തെയ് സംഘടന ആരംഭായ് തെംഗോലിൻ്റെ ആര്‍മി ചീഫ് എന്നറിയപ്പെടുന്ന കാനൻ സിംഗിനെ അറസ്റ്റ് ചെയ്തതിനെ തുടർന്നാണ് മണിപ്പൂരിൽ വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. തലസ്ഥാനമായ ഇംഫാലിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധക്കാർ തെരുവിലിറങ്ങി റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും ചെയ്തു. ഇംഫാലിലെ ചിലയിടങ്ങളിൽ വെടിയൊച്ച കേട്ടതായും റിപ്പോർട്ടുകളുണ്ട്. സംഘർഷത്തെ തുടർന്ന് മണിപ്പൂരിലെ അഞ്ച് ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയിരിക്കുകയാണ്. ഇന്നലെ രാത്രി 11.45 മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. അഞ്ച് ജില്ലകളില്‍ കർഫ്യൂവും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിഷേധം അക്രമങ്ങളിലേക്ക് നീങ്ങാതിരിക്കാനുള്ള കരുതൽ നടപടിയുടെ ഭാഗമായാണ് ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, തൌബാൽ, ബിഷ്ണുപുർ, കാക്ചിങ് എന്നീ ജില്ലകളിൽ അഞ്ച് ദിവസത്തേക്ക് ഇൻ്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയത്. വിദ്വേഷ പ്രചാരണം തടയാനാണ് ഇൻ്റർനെറ്റ് റദ്ദാക്കിയതെന്ന് ആഭ്യന്തര സെക്രട്ടറി എന്‍. അശോക് കുമാര്‍ പറഞ്ഞു. കാനൻ സിംഗിനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി മുതലാണ് പ്രതിഷേധം ശക്തമായത്. നേരത്തേ ഗവര്‍ണര്‍ എ.കെ ഭല്ലയുടെ ഉത്തരവിനെ തുടര്‍ന്ന് പൊലീസിൽനിന്ന് അടക്കം കവർന്ന ആയുധങ്ങൾ ആരംഭായ് തെംഗോല്‍ മടക്കി നൽകിയിരുന്നു. വംശീയ കലാപത്തില്‍ പങ്കുള്ള കുക്കി സായുധ സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
2023 ഒക്ടോബറില്‍ പൊലീസുദ്യോഗസ്ഥനെ സ്‌നൈപ്പര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ കുക്കി വിഭാഗത്തിൽ നിന്നുള്ള ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ കുക്കി വിഭാഗക്കാർ പ്രതിഷേധത്തിലാണ്. ഇത് 'ഏകപക്ഷീയമായി അറസ്റ്റ്' ആണെന്ന് ആരോപിച്ച് കുക്കി സിവിൽ സൊസൈറ്റി ഗ്രൂപ്പുകൾ മൊറേയിലെ തെങ്‌നൗപാൽ ജില്ലയിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ആരംഭായ് തെംഗോലിൻ്റെ പ്രതിഷേധം.