രാജ്യത്ത് സ്ത്രീധന പീഡന മരണങ്ങൾ തുടർക്കഥയാവുന്നു. തമിഴ്നാട്ടിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി ജീവനൊടുക്കി. 28 കാരിയുടെ ആത്മഹത്യയിൽ ഭർത്താവിനെയും കുടുംബത്തെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്ത്.
ഓഗസ്റ്റ് 30 നാണ് മധുരയിലെ ഉസിലംപട്ടിക്ക് സമീപം പെരുമാള്‍ കോവില്‍പട്ടി സ്വദേശിനിയായ പ്രിയദര്‍ശിനി സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയത്. ഭർത്തവായ റുബന്‍രാജിൻ്റെയും കുടുംബത്തിൻ്റെയും കൊടിയ പീഡനങ്ങൾക്ക് യുവതി ഇരയായിയെന്നാണ് കുടുംബത്തിൻ്റെ ആരോപണം.
2024 സെപ്റ്റംബറിലാണ് പ്രിയദര്‍ശിനിയുടെയും സെല്ലൂര്‍ സ്വദേശിയായ റുബന്‍രാജിൻ്റെയും വിവാഹം നടന്നത്. വിവാഹത്തിന് മുന്നോടിയായി റുബന്‍രാജ് 300 പവൻ സ്വർണമാണ് സ്ത്രീധനമായി ആവശ്യപ്പെട്ടത്. എന്നാൽ അത്രയും നൽകാൻ സാധിക്കില്ലെന്നും, ഇപ്പോൾ 150 പവൻ നൽകാമെന്നും ബാക്കി പിന്നീട് തരാമെന്ന വ്യാവസ്ഥയിലായിരുന്നു കല്ല്യാണം.
കല്യാണത്തിന് ഒരു മാസത്തിന് ശേഷം തന്നെ സ്വർണത്തെ ചൊല്ലി റൂബൻ രാജും പ്രിയദർശിനിയും തമ്മിൽ തർക്കം തുടങ്ങി. തർക്കം തുടർകഥയാവുകയും പ്രിയദർശിനിയെ റൂബൻരാജ് മർദിക്കുകയും ചെയ്തിരുന്നു. അതിനിടെ വീടിനു മുന്നിലുള്ള ചത്ത നായയുടെ ജഡം മാറ്റാൻ ഭർതൃവീട്ടുകാർ പ്രിയദർശിനിയോട് ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വിസമ്മതിച്ചതോടെ ഭർതൃവീട്ടുകാർ പ്രിയദർശിനിയെ മർദിച്ചു. മർദനത്തിൽ പ്രിയദർശിനിക്ക് രക്തസ്രാവമുണ്ടായെന്ന് സഹോദരനും അഭിഭാഷകനുമായ കാർത്തിക് പറഞ്ഞു.
സംഭവത്തിൽ ഭർത്താവുൾപ്പെടെ മൂന്നുപേർക്കെതിരെ സെല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ഇരുവർക്കും ഇടയിൽ അകൽച്ചയുണ്ടാവുകയും, പ്രിയദർശിനി സ്വന്തം വീട്ടിലേക്ക് പോവുകയുമായിരുന്നു. പ്രിയദർശിനിയെ ഒഴിവാക്കി റൂബൻരാജിനെ മറ്റൊരു വിവാഹം കഴിപ്പിക്കാനായിരുന്നു കുടുംബത്തിൻ്റെ നീക്കം. റൂബൻരാജിനായി ബന്ധുവായ മറ്റൊരു യുവതിയുമായി കല്യാണം ആലോചിക്കുന്ന വിവരം അറിഞ്ഞതോടെ ഇത് ചോദ്യം ചെയ്യനായി പ്രിയദർശിനി ഭർതൃവീട്ടിൽ പോയെന്നും അവിടെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പ്രിയദർശിനിയുടെ അച്ഛൻ പറഞ്ഞു.
വിഷം കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രിയദർശിനി ശനിയാഴ്ച മരിക്കുകയായിരുന്നു. പ്രിയദർശിനിയെ സ്വർണത്തെ ചൊല്ലി തല്ലികൊന്നതാണെന്ന അച്ഛന്റെ ആരോപണം പൊലീസ് തള്ളി. അതേസമയം പ്രിയദർശിനിയുടെ ബന്ധുക്കൾ റൂബൻരാജിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധവുമായി രംഗത്തെത്തി.മാത്രമല്ല, സംഭവം നടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും പൊലീസ് എത്തിയില്ലെന്നും റൂബൻരാജും കുടുംബവും പൊലീസിനെയടക്കം വിലക്കെടുത്തുവെന്നും കുടുംബം ആരോപിച്ചു.പ്രിയദർശിനിക്ക് നീതി ലഭിക്കാനായി മുഖ്യമന്ത്രി ഇടപെട്ടെന്ന് കുടുംബം പറഞ്ഞു. അതേസമയം സംഭവത്തിൽ പ്രിയദര്‍ശിനിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിൽ മധുര പൊലീസ് അന്വേഷണം ഊർജിതമാക്കി.