

ഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ വീരമ്യുത്യു വരിച്ച ആറ് സൈനികരുടെ പേര് വിവരങ്ങൾ ആദ്യമായി പുറത്തുവിട്ട് കേന്ദ്രസർക്കാർ. സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, ഇന്ത്യൻ വ്യോമസേന സർജൻ്റ് സുരേന്ദ്ര കുമാർ എന്നിവരാണ് ഡ്യൂട്ടിക്കിടെ ജീവൻ വെടിഞ്ഞ സൈനികർ.
കൊല്ലപ്പെട്ട ആറ് പേരിൽ അഞ്ച് ഇന്ത്യൻ കരസേനാംഗങ്ങളും വ്യോമസേനയിലെ ഒരാളും ഉൾപ്പെടുന്നു. ഓപ്പറേഷനുശേഷം ഇതാദ്യമായാണ് സർക്കാർ ആറ് സൈനികരുടെ പേരുകൾ പുറത്തുവിടുന്നത്. ഈ സൈനികരുടെ പേരുകൾ തലസ്ഥാനത്തെ ദേശീയ യുദ്ധ സ്മാരകത്തിൽ ആലേഖനം ചെയ്യും. ദേശീയ യുദ്ധസ്മാരക വെബ്സൈറ്റിലെ റോൾ ഓഫ് ഓണർ സെക്ഷനിലും പേര് വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഓപ്പറേഷൻ സിന്ദൂറിൻ്റെ ഒന്നാം വാർഷികം രാജ്യം ആചരിച്ചതിന് തൊട്ടുപിന്നാലെയാണ് കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങൾ വെളിപ്പെടുത്തുന്നത്. 2025ൽ കൊല്ലപ്പെട്ട സൈനികരുടെ വിഭാഗത്തിലാണ് ആറു സൈനികരുടെ പേരുകളും ഉൾപ്പെടുത്തിയത്.
2025 ഏപ്രിൽ മാസം 22ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടി നൽകാനായിരുന്നു ഇന്ത്യൻ സൈന്യം 'ഓപ്പറേഷൻ സിന്ദൂർ' എന്ന പേരിൽ പാക്കിസ്ഥാനിലെയും പാക് അധിന കശ്മീരിലെയും ഭീകരതാവളങ്ങളിൽ ആക്രമണം നടത്തിയത്.