

ഡൽഹി: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വാണിജ്യ സിലിണ്ടറിന്റെ വില കുത്തനെ ഉയർത്തി. 19 കിലോ സിലണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് കൂട്ടിയത്. ഇതോടെ ഇനി ഒരു സിലിണ്ടറിന് 3071 രൂപ 50 പൈസ നൽകേണ്ടി വരും. നേരത്തെ 2078 രൂപയായിരുന്നു 19 കിലോ സിലണ്ടറിന് നൽകേണ്ടിയിരുന്നത്. അഞ്ച് കിലോ വരുന്ന മിനി സിലിണ്ടറുകളുടെ വിലയും ഉയരും. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.
ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷം 19 കിലോ വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില മൂന്നു തവണ വർധിപ്പിച്ചിട്ടുണ്ട്. മാർച്ചിൽ 144 രൂപയും തുടർന്ന് ഏപ്രിൽ 1ന് ഏകദേശം 200 രൂപയുമാണ് വർധിപ്പിച്ചത്. എൽപിജി ലഭ്യതക്കുറവിനെ തുടർന്ന് വാണിജ്യ എൽപിജിയുടെ വിതരണത്തിനും നിയന്ത്രണമുണ്ട്. ഇതിനിടയിലാണ് വില വർധന കൂടി വന്നിരിക്കുന്നത്.
എൽപിജി ലഭ്യതക്കുറവ് ഹോട്ടൽ വ്യവസായത്തെ കാര്യമായി ബാധിച്ചിരുന്നു. പെട്രോൾ, ഡീസൽ വിലയിലും ആഭ്യന്തര വിമാനങ്ങൾക്കുള്ള വിമാന ഇന്ധന വലിയിലും മാറ്റമില്ല.അന്താരാഷ്ട്ര എയർലൈൻ പ്രവർത്തനങ്ങൾക്കുള്ള ബൾക്ക് ഡീസൽ, എടിഎഫ് വില വർധിപ്പിച്ചിട്ടുണ്ടെന്നും എണ്ണ കമ്പനികൾ അറിയിച്ചു.