ന്യൂഡൽഹി: രാജ്യത്തെ തെരുവുനായ പ്രശ്നത്തിൽ മൃഗ സ്നേഹികളുടെ വാദത്തെ പരിഹസിച്ച് സുപ്രീം കോടതി. കടിക്കണോ വേണ്ടയോ എന്ന മാനസികാവസ്ഥയിലായിരിക്കുമ്പോൾ ഒരു മൃഗത്തിന്റെ മനസ് വായിക്കാൻ ആർക്കും കഴിയില്ലെന്നും ചികിത്സയെക്കാൾ പ്രതിരോധമാണ് നല്ലത്. കടിക്കാതിരിക്കാൻ ഇനി നായകൾക്ക് കൗൺസിലിങ് നൽകുക മാത്രമാണ് വാക്കിയുള്ളതെന്നും സുപ്രീം കോടതിയുടെ പരിഹാസം. രാജ്യത്തെ തെരുവുനായ പ്രശ്‌നത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം.
20 ദിവസത്തിനിടെ രണ്ട് ഹൈക്കോടതി ജഡ്ജിമാര്‍ക്കും തെരുവുനായുടെ കടിയേറ്റു. ഇതിൽ ഒരു ജഡ്ജിയുടെ ആരോഗ്യാവസ്ഥ ഗുരുതരമാണ്. നായകടി മാത്രമല്ല നായകൾ കാരണമുണ്ടാകുന്ന അപകടങ്ങളും ആശങ്ക ഉണ്ടാക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിലെല്ലാം തെരുവ് നായകളുടെ ആക്രമണങ്ങൾ കൂടുകയാണ്. തെരുവുനായ്ക്കൾ കടുത്ത ഭീഷണിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എൻ.വി. അഞ്ജരിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
വന്ധ്യംകരണത്തിനും വാക്സിനേഷനും ശേഷം തെരുവ് നായ്ക്കളെ ഷെൽട്ടറുകളിലേക്ക് ഉടൻ മാറ്റാനും കോടതി ഉത്തരവിട്ടു. അങ്ങനെ പിടിക്കപ്പെടുന്ന തെരുവ് നായ്ക്കളെ അവയെ കൊണ്ടുവന്ന സ്ഥലത്തേക്ക് തിരികെ വിടരുത്. സംസ്ഥാന, ദേശീയ പാതകളിലും എക്സ്പ്രസ് വേകളിലും അലഞ്ഞുതിരിയുന്ന മൃഗങ്ങളെ നീക്കം ചെയ്യുന്നത് ഉറപ്പാക്കണമെന്ന് കോടതി നിർദേശിച്ചു. മൃഗങ്ങൾ റോഡിൽ പ്രവേശിക്കാതിരിക്കാൻ വേലികെട്ടാനാവില്ലേയെന്നും കോടതി പരിഹസിച്ചു.
അതേസമയം, രാജ്യത്തെ തെരുവ് നായകളുടെ എണ്ണത്തിൽ കൃത്യമായ കണക്ക് ഇല്ലെന്നാണ് മൃഗസ്‌നേഹികളുടെ വാദം. ജനങ്ങളെ ബോധവൽക്കരിച്ചാൽ തെരുവ് നായ ആക്രമണം തടയാം. കൃഷിയിടങ്ങൾ സംരക്ഷിക്കാൻ നായകളെ ഉപയോഗിക്കാം എന്നും മൃഗ സ്നേഹികൾ കോടതിയിൽ പറഞ്ഞു.