

ചെന്നൈ: തമിഴ്നാട്ടിലെ തേനി സബ് ജയിലില്‍ നിന്നും ചാടിയ പതിനേഴ് പേരില്‍ നാല് പേര് പിടിയില്‍. വിപുലമായ തെരച്ചിലിനൊടുവിലാണ് പ്രവീണ്‍ കുമാര്‍, സിലമ്പരശന്, രാജാ സികന്ദര്‍, രാജ് കുമാര്‍ എന്നിവരെ തമിഴ്നാട് പൊലീസ് പിടികൂടിയത്.
തേനി, മധുര പൊലീസ് വിപുലമായ തെരച്ചിലാണ് നടത്തിവന്നിരുന്നത്. ഇതിന് പിന്നാലെയാണ് നാല് പേരെ കസ്റ്റഡിയില്‍ എടുത്തത്. തമിഴ്നാട്ടിൽ നിന്നു തന്നെയാണ് ഇവരെ പിടികൂടിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തമിഴ്നാട്ടിലെ തേനിയിലെ ജയിലില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ടത്. കൂട്ടത്തിലൊരാൾക്ക് അപസ്മാരം വന്നെന്ന രീതിയില്‍ അഭിനയിച്ച്, പൊലീസിനെയും ആക്രമിച്ചാണ് ഇവര്‍ രക്ഷപ്പെട്ടത്.
ജയില്‍ ചാടിയവര്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യത ഉള്ളതിനാല്‍ അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കുമളി, കമ്പംമേട്, ശാന്തന്‍പാറ പൊലീസ് സ്റ്റേഷന് പരിധികളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
ജയില്‍ ചാടിയവരെല്ലാം തമിഴ്നാട് സ്വദേശികളാണ്. ആയുധം കൈയില്‍ വെച്ചതിനടക്കം വിവിധ കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവരാണ് ജയില്‍ ചാടിയത്. ജയില്‍ വാര്ഡന് തങ്കപാണ്ടിയെ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റു രണ്ട് പൊലീസുകാര്‍ക്ക് കൂടി പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്.
ലിംഗം, രാജാ സിക്കന്ദര്‍, കറുപ്പസാമി, ചിലമ്പരശന്‍, തിരുപ്പതി, മീനാക്ഷിസുന്ദരം, ശബരി, പൊന്മുത്തു, നിജന്ത്, കാര്‍ത്തിക് രാജ, മുകിലന്, സെല്‍വ, തരുണ്‍, രാജ്കുമാര്, പ്രവീണ്‍, മുത്തു ഇളങ്കോ, രാജീവന് എന്നിവരാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. ഇവരില്‍ ഭൂരിഭാഗവും മധുര സ്വദേശികളാണ്.