
ഡല്‍ഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതി ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പതിറ്റാണ്ടുകളായി നാം പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമാണ് കോടതി നിര്‍ദേശമെന്ന് രാഹുല്‍ സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചു. തുടച്ചുനീക്കപ്പെടേണ്ടതായ പ്രശ്‌നം, ഈ മിണ്ടാപ്രാണികളല്ലെന്നും രാഹുൽ അഭിപ്രായപ്പെട്ടു.
"നായ്ക്കള്‍ക്ക് ഷെല്‍ട്ടറുകള്‍, വന്ധ്യംകരണം, കുത്തിവെപ്പ്, കമ്മ്യൂണിറ്റി കെയര്‍ എന്നിവ നല്‍കിക്കൊണ്ട്, ക്രൂരതയില്ലാതെ തന്നെ തെരുവുകള്‍ സുരക്ഷിതമാക്കാം. അവയെ കൂട്ടത്തോടെ നീക്കുന്നത് ക്രൂരവും, ദീര്‍ഘവീക്ഷണമില്ലാത്തതും, ആര്‍ദ്രത ഇല്ലാത്തതുമായ പ്രവൃത്തിയാണ്. പൊതു സുരക്ഷയും, മൃഗക്ഷേമവും ഒരുമിച്ച് കൊണ്ടുപോകാനാകും" - രാഹുല്‍ കുറിച്ചു.
ഡല്‍ഹിയിലെയും, രാജ്യ തലസ്ഥാന മേഖലകളിലെയും മുഴുവന്‍ തെരുവുനായകളെയും പിടികൂടി നഗരത്തിനുപുറത്ത്, ദൂരെ എവിടെയെങ്കിലും കൂട്ടിലാക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. തെരുവുനായകളെ പാര്‍പ്പിക്കുന്നതിനായുള്ള പരിപാലന കേന്ദ്രങ്ങള്‍ എട്ട് ആഴ്ചയ്ക്കുള്ളില്‍ ആരംഭിക്കണം. എത്രയും വേഗം നടപടികള്‍ ആരംഭിക്കണമെന്ന് ഡല്‍ഹി, നോയ്‌ഡ, ഗാസിയാബാദ്, ഗുരുഗ്രാം എന്നിവിടങ്ങളിലെ അധികൃതരോടും കോടതി നിര്‍ദേശിച്ചിരുന്നു. തെരുവുനായകളെ നീക്കുന്നതിന് ആരെങ്കിലും തടസം നിന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.