ഗുരുഗ്രാം: ഹെൽമെറ്റ് ധരിക്കാത്തതിന് ഒരു ജാപ്പനീസ് വിനോദസഞ്ചാരിക്ക് 1,000 രൂപ പിഴ ചുമത്തി ഗുരുഗ്രം പൊലീസ്. എന്നാൽ പിഴത്തുക അടച്ചതിന് ശേഷം രസീത് കൈമാറാൻ പൊലീസ് തയ്യാറായില്ല. ഇതേത്തുടർന്നാണ് പൊലീസുമായുള്ള രംഗങ്ങൾ സഞ്ചാരികൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
നിരവധി പേർ ഈ വീഡിയോ കാണുകയും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തെ കൈക്കൂലി എന്നാണ് ഉപയോക്താക്കൾ വിശേഷിപ്പിച്ചത്. ഇതിനുപിന്നാലെ വീഡിയോയിൽ കാണുന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥൻ അറിയാതെ വിനോദസഞ്ചാരത്തിനെത്തിയവരിൽ ഒരാൾ ഇരുവരും തമ്മിലുണ്ടായ സംഭാഷണം മുഴുവൻ ചിത്രീകരിക്കുകയും സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഹെൽമറ്റ് ധരിക്കാതെ പലരും വാഹനം ഓടിച്ച് പോകുന്നുണ്ടെങ്കിലും, അവരെ ഒന്നും പൊലീസ് ഉദ്യോഗസ്ഥർ തടയുന്നില്ലെന്നും വിനോദസഞ്ചാരികൾ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ട്രാഫിക് ജീവനക്കാരുടെ മോശം പെരുമാറ്റം പുറത്തുകൊണ്ടുവന്നു, എന്ന് പറഞ്ഞുകൊണ്ടാണ് ഗുരുഗ്രാം പൊലീസ് എക്സിൽ കുറിച്ചത്. "അഴിമതിക്കെതിരെ സീറോ ടോളറൻസ്,എന്നാണ് പോസ്റ്റ് ആരംഭിക്കുന്നത്.
എന്തുകൊണ്ടാണ് ഇവരെ പിരിച്ചുവിടാത്തത്, എന്തുകൊണ്ട് വെറുതെ ഒരു സസ്‌പെൻഷൻ?, അവരെ കുറച്ച് ദിവസത്തേക്ക് പോലും ജയിലിൽ അടച്ചുകൂടാ?, എന്നു തുടങ്ങി നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്നത്. കൈക്കൂലി വാങ്ങുന്നത് ഒരു കുറ്റകൃത്യമല്ലേ? ആരെങ്കിലും ഒരു കുറ്റകൃത്യം ചെയ്യുമ്പോൾ, ആ വ്യക്തി അറസ്റ്റ് ചെയ്യപ്പെടില്ലേ? പൊലീസ് ഉദ്യോഗസ്ഥനല്ലാത്ത ഒരു സാധാരണ വ്യക്തി സമാനമായ എന്തെങ്കിലും ചെയ്തിരുന്നെങ്കിലോ?”എന്നതടക്കമുള്ള ചോദ്യങ്ങൾ സോഷ്യൽമീഡിയയിൽ ഉയർന്നുവന്നു.