

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രതിരോധ സേനയുടെ പോരാട്ടശേഷി വര്‍ധിപ്പിക്കുന്നതിനായി 79,000 കോടി രൂപയുടെ സൈനികോപകരണങ്ങള്‍ വാങ്ങാന്‍ തീരുമാനമായി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (DAC) യോഗത്തിലാണ് തീരുമാനം.
ഇന്ത്യയുടെ മൂന്ന് സേനകളുടേയും സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കരസേനയ്ക്കായി ട്രാക്ക്ഡ് നാഗ് മിസൈല്‍ സിസ്റ്റം Mk-II NAMIS വാങ്ങാനുള്ള നിര്‍ദ്ദേശത്തിന് അംഗീകാരം ലഭിച്ചു.
ശത്രുക്കളുടെ യുദ്ധവാഹനങ്ങള്‍, ബങ്കറുകള്‍, മറ്റ് ഫീല്‍ഡ് കോട്ടകള്‍ എന്നിവ നശിപ്പിക്കാനുള്ള കരസേനയുടെ ശേഷി ഇതോടെ വര്‍ധിക്കും.
കൂടാതെ, ശത്രുരാജ്യങ്ങളുടെ ഇലക്ട്രോണിക് പ്രസരണികള്‍ 24 മണിക്കൂറും നിരീക്ഷിച്ച് തന്ത്രപരമായ വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കുന്ന GBMES (Ground-based mobile ELINT systems) എന്ന ഇലക്ട്രോണിക് ഇന്റലിജന്‍സ് സംവിധാനം വാങ്ങാന്‍ അനുമതിയായി.
വിവിധ ഭൂപ്രദേശങ്ങളില്‍ സൈനികരുടെ ലോജിസ്റ്റിക്‌സ് പിന്തുണ കാര്യക്ഷമമാക്കുന്ന ക്രെയിനുകള്‍ ഘടിപ്പിച്ച ഹൈ-മൊബിലിറ്റി വാഹനങ്ങള്‍ വാങ്ങാനും ഡിഎസി അനുമതി നല്‍കി.
നാവിക സേനയ്ക്കായി ലാന്‍ഡിംഗ് പ്ലാറ്റ്ഫോം ഡോക്കുകളാണ് വാങ്ങാന്‍ തീരുമാനമായവയില്‍ പ്രധാനപ്പെട്ടത്. കര-വ്യോമസേനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇത് ഉപയോഗിക്കാം. സമാധാന ദൗത്യങ്ങള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പ്രകൃതി ദുരന്ത സഹായം എന്നിവയ്ക്കും ലാന്‍ഡിംഗ് പ്ലാറ്റ്ഫോം ഡോക്കുകള്‍ ഉപയോഗിക്കാം.
പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ (DRDO) നേവല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിക്കല്‍ ലബോറട്ടറി തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ലൈറ്റ് വെയ്റ്റ് ടോര്‍പ്പിഡോകളാണ് നാവിക സേനയ്ക്കായി വാങ്ങുന്ന മറ്റൊന്ന്. പരമ്പരാഗതമായതും ആണവശേഷിയുള്ളതുമായ മുങ്ങിക്കപ്പലുകളെയും ചെറു മുങ്ങിക്കപ്പലുകളെയും ലക്ഷ്യമിട്ട് ആക്രമണം നടത്താന്‍ ഇത് സഹായിക്കും.
കുറഞ്ഞ തീവ്രതയിലുള്ള സമുദ്ര പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ക്കൊള്ള വിരുദ്ധ ദൗത്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന 30 എംഎം നേവല്‍ സര്‍ഫസ് ഗണ്ണുകള്‍ വാങ്ങും. 30 എംഎം നേവല്‍ ഗണ്ണുകള്‍ നാവികസേനയ്ക്കും കോസ്റ്റ് ഗാര്‍ഡിനും ചെറിയ തോതിലുള്ള കടല്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും കടല്‍ക്കൊള്ളക്കാരെ നേരിടുന്നതിനും കൂടുതല്‍ കരുത്ത് പകരും.
വ്യോമസേനയ്ക്കായി കൊളാബറേറ്റീവ് ലോംഗ് റേഞ്ച് ടാര്‍ഗെറ്റ് സാച്ചുറേഷന്‍/ഡിസ്ട്രക്ഷന്‍ സിസ്റ്റം വാങ്ങാന്‍ അനുമതിയായി. സ്വയം പറന്നുയരുകയും ലാന്‍ഡ് ചെയ്യുകയും തനിയെ ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള സംവിധാനമാണിത്. കൂടാതെ, ദൗത്യമേഖലയില്‍ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താനും പേലോഡ് (മിസൈലുകളോ മറ്റ് ആയുധങ്ങളോ) ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും ചെയ്യും.