

ആന്ധ്രാപ്രദേശ്: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്മ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി സുരക്ഷാ സേന. ആന്ധ്രപ്രദേശിലെ അല്ലൂരി സീതരാമരാജു ജില്ലയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിലാണ് മാദ്‌വി ഹിദ്മ കൊല്ലപ്പെട്ടത്.
ആന്ധ്രാപ്രദേശ്, ഛത്തീസ്ഗഢ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശത്തിനു സമീപമാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. മാദ്‌വി ഹിദ്മ അടക്കം ആറ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതായാണ് വിവരം.
1981 ല്‍ മധ്യപ്രദേശിലെ സുക്മയില്‍ ജനിച്ച ഹിദ്മ സിപിഐ മാവോയിസ്റ്റിന്റെ ഉന്നത തീരുമാനമെടുക്കല്‍ സ്ഥാപനമായ കേന്ദ്ര കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. സെന്‍ട്രല്‍ കമ്മിറ്റിയിലെത്തുന്ന ബസ്തറില്‍ നിന്നുള്ള ഏക വ്യക്തിയാണ്.
ഏറ്റുമുട്ടലില്‍ ഹിദ്മയുടെ ഭാര്യ രാജി എന്ന രാജിയക്കയും കൊല്ലപ്പെട്ടതായാണ് വിവരം. സര്‍ക്കാര്‍ 50 ലക്ഷം ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് നേതാവാണ് മാദ് വി ഹിദ്മ. രാജ്യത്ത് നടന്ന പ്രധാന മാവോയിസ്റ്റ് ആക്രമണങ്ങളില്‍ പ്രധാന പങ്കുള്ളയാളാണ് ഹിദ്മ.
2010ല്‍ ദണ്ടേവാഡയില്‍ 76 സിആര്‍പിഎഫ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ആക്രമണവും, 2013-ല്‍ കോണ്‍ഗ്രസ് ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ 27 പേരെ കൊന്ന ആക്രമണവും ഹിദ്മയുടെ നേതൃത്വത്തിലായിരുന്നു. 2021-ല്‍ 22 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സുക്മ-ബിജാപൂര്‍ ആക്രമണത്തിലും ഹിദ്മയ്ക്ക് പങ്കുണ്ട്.