ഡൽഹി: ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ പാട്ട് കേൾക്കാം, വീഡിയോ കാണാം. പക്ഷേ, തൊട്ടടുത്തിരിക്കുന്നവരെക്കൂടി നിർബന്ധിച്ച് കേൾപ്പിക്കരുത്. സ്വന്തം ഫോണിൽ പാട്ടുവച്ച് സഹയാത്രികരെ കൂടി ആസ്വദിപ്പിക്കുന്നവരുണ്ടെങ്കിൽ ഇനി പണികിട്ടും. ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ ഇയർഫോൺ ഉപയോഗിക്കാതെ പാട്ട് കേൾക്കുകയോ വീഡിയോ കാണുകയോ ചെയ്യുന്ന ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഇനി അൽപ്പം ശ്രദ്ധിക്കണം. ട്രെയിനിലും റെയിൽവേ പരിസരങ്ങളിലും ഉച്ചത്തിൽ പാട്ടുവയ്ക്കുന്നവർക്കെതിരെ നടപടിയുമായി ഇന്ത്യൻ റെയിൽവേ. നിയമം ലംഘിച്ചാൽ പിഴയും തടവുമടക്കം ശിക്ഷ ലഭിക്കാം.
സ്വന്തം ഫോണിലെ വിനോദം സഹയാത്രികരുടെ തലവേദനയാകരുതെന്നാണ് ഇന്ത്യൻ റെയിൽവേയുടെ മുന്നറിയിപ്പ്. യാത്രയ്ക്കിടെ ഇയർഫോണുകൾ ഉപയോഗിക്കാനും ഫോൺ സംഭാഷണങ്ങൾ കുറഞ്ഞ ശബ്ദത്തിൽ നടത്താനുമാണ് റെയിൽവേയുടെ നിർദേശം. സഹയാത്രികരുടെ സമാധാനവും സ്വകാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. ജൻ വിശ്വാസ് (നിയമ ഭേദഗതി) ആക്ട് പ്രകാരം ഭേദഗതി ചെയ്ത റെയിൽവേ ആക്ടിലെ സെക്ഷൻ 145 (2) (a) അനുസരിച്ചാണ് നടപടി കൈക്കൊള്ളുകയെന്ന് റെയിൽവേ അറിയിച്ചു. സഹയാത്രികര്‍ക്ക് സുഖകരമായ യാത്ര ഉറപ്പാക്കാന്‍ മൊബൈല്‍ ഫോണുകള്‍ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യന്‍ റെയില്‍വേ അഭ്യര്‍ഥിച്ചു.
ഇതോടെ, ട്രെയിനിൽ ഉച്ചത്തിൽ പാട്ട് വെക്കുന്നവർ മാത്രമല്ല കുടുങ്ങുക. പ്ലാറ്റ്ഫോം അടക്കമുള്ള റെയിൽവേ പരിസരങ്ങളിൽ ഫോൺ സ്പീക്കറിലിട്ട് ആളുകളെ ശല്യപ്പെട്ടുത്തുവരും കുടുങ്ങും. റെയിൽവേ വളപ്പിലോ ട്രെയിനിലോ സ്പീക്കർ മോഡിൽ സംസാരിക്കുകയോ പാട്ടുകളും വീഡിയോകളും കേൾക്കുകയോ ചെയ്ത് ബുദ്ധിമുട്ടുണ്ടാക്കിയാൽ 1,000 രൂപ പിഴ ഈടാക്കുകയും റെയിൽവേ വളപ്പിൽ നിന്ന് പുറത്താക്കുകയും ചെയ്യും. റെയിൽവേ ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ് ലഭിച്ച ശേഷവും ലംഘനം തുടർന്നാൽ 6 മാസം വരെ തടവോ 5,000 രൂപ പിഴയോ (അല്ലെങ്കിൽ രണ്ടും കൂടിയോ) ലഭിക്കാവുന്ന വകുപ്പുകൾ ചേർത്ത് കോടതിയിലേക്ക് വിടുകയോ ചെയ്യുമെന്നും മുന്നറിയിപ്പുണ്ട്.