
ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ ഭീഷണിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ യുഎസ് സന്ദർശനം ഇന്ത്യ റദ്ദാക്കി. യുഎസില്‍ നിന്ന് ആയുധങ്ങളും യുദ്ധവിമാനങ്ങളും വാങ്ങുന്നതിൽ നിന്നും ഇന്ത്യ പിന്മാറിയേക്കുമെന്നാണ് സൂചന.
ഇന്ത്യക്കെതിരെ 50 ശതമാനം അധിക തീരുവ ചുമത്തിയതിന് ശക്തമായ ഭാഷയിൽ തിരിച്ചടി നൽകാനൊരുങ്ങുകയാണ് ഇന്ത്യ. ട്രംപിന്റെ ഭീഷണിക്ക് മുന്നിൽ വിട്ടുവീഴ്ച ചെയ്യേണ്ടതില്ലെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ എത്തിച്ചേർന്നിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ യുഎസ് സന്ദർശനം ഇന്ത്യ റദ്ദാക്കിയത്.
യുഎസിന്റെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധ വ്യാപാര പങ്കാളിയാണ് ഇന്ത്യ. ഫെബ്രുവരിയിൽ ട്രംപും നരേന്ദ്ര മോദിയും ആയുധങ്ങളുടെ സംഭരണം, സംയുക്ത നിർമാണം എന്നിവയിൽ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിരോധ ഇടപാടുകളിൽ ചിലത് നിർത്തിവെച്ചേക്കുമെന്നാണ് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇക്കാര്യം കേന്ദ്ര സർക്കാർ സ്ഥിരീകരിച്ചിട്ടില്ല. യുഎസിൽ നിന്ന് ആയുധങ്ങളും എയർക്രാഫ്റ്റും വാങ്ങുന്ന തീരുമാനത്തിൽ നിന്നും ഇന്ത്യ പിന്‍മാറിയേക്കുമെന്നും സൂചനയുണ്ട്.
അതേസമയം, തീരുവ തർക്കം പരിഹരിക്കുന്നതുവരെ ഇന്ത്യയുമായി ഒരു ചർച്ചയ്ക്കും ഇല്ലെന്നാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിലപാട്. പ്രമുഖ യുഎസ് കമ്പനികൾ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇന്ത്യയെ പിന്തുണച്ച് ബ്രിക്സ് രാജ്യങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.